പ്ലാന്റേഷന്‍ തൊഴില്‍ പ്രശ്‌നം അടിയന്തര പരിഹാരമില്ലെങ്കില്‍ പ്രക്ഷോഭം: ഐ.എന്‍.ടി.യു.സി
കല്‍പ്പറ്റ: പ്ലാന്റേഷന്‍ മേഖലയിലെ പ്രതിസന്ധികള്‍ ഉടന്‍ പരിഹരിച്ച് ജീവിതം വഴിമുട്ടിയ തോട്ടം തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വയനാട് ജില്ലയിലടക്കം മൂന്നരലക്ഷത്തോളം തൊഴിലാളികള്‍ ഉള്‍കൊള്ളുന്ന കേരളത്തിലെ പ്ലാന്റേഷന്‍ മേഖലയിലെ പ്രതിസന്ധി ഗുരുതരമാണെന്ന് കാണിച്ച് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, പ്ലാന്റേഷന്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.ജെ ജോയി എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ നാളിതുവരെയായി സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ അടിയന്തരമായി തുറക്കുകയോ, സര്‍ക്കാര്‍ അത്തരം തോട്ടങ്ങള്‍ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം, ബോണസ് കുടിശിക ഉടന്‍ വിതരണം ചെയ്യുക, വേതനം 600 രൂപയാക്കി ഉയര്‍ത്തുക, ലയങ്ങളുടെ സൗകര്യങ്ങളിലും മറ്റ് ക്ഷേമവിഷയങ്ങളിലും പ്ലാന്റേഷന്‍ നിയമവ്യവസ്ഥകള്‍ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐ.എന്‍.ടി.യു.സി മുന്നോട്ടുവച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിനായി സമ്മര്‍ദം ചെലുത്താനും തോട്ടം ഉല്‍പന്നങ്ങള്‍ക്ക് അടിസ്ഥാന വിലനിര്‍ണവും, അന്തര്‍ദേശീയ വിപണിയില്‍ സ്ഥിരതയും നിലനിര്‍ത്തിക്കൊണ്ടും ബോര്‍ഡുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി മാറ്റിക്കൊണ്ടും തോട്ടങ്ങളുടെ സംരക്ഷണവും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്താനും ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റ ഭാഗത്ത് നിന്നുണ്ടാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ഐ.എന്‍.ടി.യു.സി നേതൃത്വം നല്‍കുമെന്നും ജില്ലാപ്രസിഡന്റ് പി.പി ആലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."