ആലത്തൂര്‍ എസ്‌റ്റേറ്റില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ച് കടത്തി
കാട്ടിക്കുളം: ആലത്തൂര്‍ എസ്‌റ്റേറ്റില്‍ നിന്ന് മുന്‍വര്‍ഷങ്ങളില്‍ കോടികളുടെ മരം അനധികൃതമായി മുറിച്ചു കടത്തിയതായി പരാതി. വിദേശ പൗരന്‍ ജുവര്‍ട്ട് വാനിംഗന്റെ ഉടമസ്ഥതയിലായിരുന്ന തോട്ടത്തിന്റെ വില്‍പ്പന കരാറിലേര്‍പ്പെട്ട ലോഡ്‌സ്റ്റാര്‍ കമ്പനി ഫയല്‍ ചെയ്ത കേസില്‍ അന്തിമ വിധിയുണ്ടാകുംവരെ മരം മുറിക്കുന്നത് വിലക്കികൊണ്ട് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് 2006ല്‍ ഇന്‍ഞ്ചക്ഷന്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരുന്നു.
ഹിയറിങ് വേഗത്തിലാക്കി 31-03-2007നുള്ളില്‍ ഡിസ്‌പോസ് ചെയ്യണമെന്ന നിര്‍ദേശം ഉണ്ടായിരുന്നിട്ടും സൂട്ട് ഡിസ്‌പോസ് ചെയ്തത് 2015ല്‍ മാത്രമാണ്. അതുവരെ മരം മുറിക്കരുതെന്ന ഉത്തരവ് പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങള്‍ എസ്‌റ്റേറ്റില്‍ നിന്ന് മുറിച്ച് കടത്തിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ ബെന്നി പൂത്തറ ഉന്നത റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
വിവരാവകാശ രേഖയിലാണ് അനധികൃതമായി മരങ്ങള്‍ മുറിച്ചുകടത്തിയത് പുറത്തായത്. ഈട്ടി, കുന്നി, പ്ലാവ്, സില്‍വര്‍ ഓക്ക് എന്നിങ്ങനെ 250ഓളം ലോഡ്മരങ്ങളാണ് കടത്തിയതെന്നാണ് രേഖകള്‍.
വന്‍തോതിലുള്ള മരം മുറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ കുറച്ച് മരങ്ങള്‍ക്ക് വനംവകുപ്പ് പാസ് നിരസിച്ചിരുന്നു. ഇതിനെതിരെ എസ്‌റ്റേറ്റ് ഇപ്പോള്‍ കൈവശം വെക്കുന്ന കര്‍ണാടക സ്വദേശി മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ ഹൈകോടതിയെ സമീപിച്ചു.
ഈ കേസില്‍ ലോഡ്‌സ്റ്റാര്‍ ലിമിറ്റഡ് കമ്പനി കക്ഷി ചേര്‍ന്നിട്ടില്ല. പക്ഷെ കോടതി പാസ് അനുവദിച്ചു. കോടതിയുടെ മുന്‍ ഉത്തരവ് മറച്ചുവച്ചതിനാലാണ് കോടതി പാസ് അനുവദിച്ചതെന്നാണ് പരാതി.
2006ലെ കോടതി ഉത്തരവ് അനുസരിച്ച് പ്രസ്തുത തോട്ടത്തില്‍ നിന്ന് മരങ്ങളോ മരക്കൊമ്പുകളോ ഒന്നും തന്നെ മുറിക്കാന്‍ പാടില്ലെന്നുള്ള കോടതി ഉത്തരവിന്റെ പകര്‍പ്പ് അന്നത്തെ റവന്യൂ, വനംവകുപ്പ് അധികൃതര്‍ക്ക് ലോഡ്‌സ്റ്റാര്‍ കമ്പനിയുടെ അഭിഭാഷകന്‍ കൃഷണയ്യര്‍ നല്‍കിയിരുന്നു.
ഇതൊക്കെ അധികൃതര്‍ അവഗണിച്ചു. മരംമുറിക്ക് റവന്യൂ, വനം വകുപ്പ് അധികൃതര്‍ ഒത്താശ ചെയ്തുവെന്ന് ആരോപണമുണ്ട്. നിലവില്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ മുന്‍ കാലങ്ങളില്‍ നടന്ന നിയമവിരുദ്ധ നടപടികളെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."