മുതലപ്പൊഴി ഹാര്‍ബറിലെ വാര്‍ഫ് നിര്‍മാണം പ്രതിഷേധം ശക്തമാകുന്നു
കഠിനംകുളം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി പാറകള്‍ കടല്‍മാര്‍ഗം കൊണ്ടു പോകുന്നതിന് പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിനോട് ചേര്‍ന്ന് കൂറ്റന്‍ വാര്‍ഫ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നു. കിളിമാനൂര്‍, നഗരൂര്‍ ഭാഗങ്ങളിലെ സര്‍ക്കാര്‍ വക ക്വാറിയില്‍ നിന്നും കൂറ്റന്‍ പാറകള്‍ കടല്‍ മാര്‍ഗം വിഴിഞത്തെത്തിക്കുന്നതിനായാണ് വാര്‍ഫ് നിര്‍മിക്കാന്‍ ഒരുങ്ങുന്നത്.
വാര്‍ഫ് നിര്‍മാണത്തിന് അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഇതിനോടകം കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. വാര്‍ഫ് നിര്‍മിക്കുന്നതിലൂടെ മുതലപ്പൊഴിഹാര്‍ബറിന്റെ ആഴക്കുറവിന് ശാശ്വതപരിഹാരം കാണാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വാദം. ഇതോടെ ഹാര്‍ബറിന്റെ അഴിമുഖത്ത് ഉണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും തടയാന്‍ കഴിയുമെന്നും കടല്‍ക്ഷോഭം എത്ര രൂക്ഷമായാലും ഹാര്‍ബര്‍ വഴി മത്സ്യ ബന്ധത്തിന് പോകാന്‍ കഴിയുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
പെരുമാതുറ ഭാഗത്തെ പുലിമുട്ടിന്റെ കടലിന്റെ ഭാഗത്ത് നിന്നും 70 മീറ്ററോളം പിന്നിലോട്ട് മാറി അവിടെ നിന്നും നൂറ് മീറ്ററോളം പുലിമുട്ട് പൊളിച്ച് മാറ്റിയ ശേഷം കൂറ്റന്‍ കപ്പലുകള്‍ക്ക് വരെ വന്ന് പോകാനുള്ള തരത്തില്‍ കര കുഴിച്ചാണ് വാര്‍ഫ് നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിന് അനുബന്ധമായി ദിവസവും ക്വാറികളില്‍ നിന്നുമെത്തുന്ന നൂറ് കണക്കിന് ലോഡ് പാറകള്‍ സൂക്ഷിക്കുന്നതിനായി മൂന്ന് സ്റ്റോക്ക് യാഡുകളും നിര്‍മിക്കും. ഈ യാഡുകളില്‍ നിന്ന് കൂറ്റന്‍ ക്രയിന്‍ ഉപയോഗിച്ചാണ് പാറ ബാര്‍ജിലേക്ക് മാറ്റുന്നത്. മുതലപ്പൊഴി പാലത്തിനോട് ചേര്‍ന്നുള്ള പെരുമാതുറ പുലിമുട്ട് വഴിയാണ് പാറ കയറ്റിയ ലോറി സ്റ്റോക്ക് യാഡില്‍ പ്രവേശിക്കുന്നത്.
വാര്‍ഫ് നിര്‍മാണത്തോടെ ഹാര്‍ബറിന്റെ നിയന്ത്രണം മുഴുവന്‍ അദാനി ഗ്രൂപ്പിന്റെ കൈയിലാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ഒപ്പം ഒരു പ്രദേശത്തെ കര മുഴുവനായി കുഴിച്ച് കടലുണ്ടാക്കുന്നത് ഭാവിയില്‍ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്‌നത്തിനു കാരണമാകുമോയെന്നും ആശങ്കയുണ്ട്.
ഇത് കൂടാതെ കിളിമാനൂരില്‍ നിന്ന് പെരുമാതുറ മുതലപ്പൊഴി വരെ ഇടവേളകളില്ലാതെ രാവും പകലും കൂറ്റന്‍ പാറകളുമായി വരുന്ന ലോറികള്‍ ശബ്ദമലിനീകരണം സൃഷ്ടിക്കുമെന്നും അത് തങ്ങളുടെ സൈ്വരജീവിതത്തിന് തടസമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ലോറികളുടെ സ്ഥിരമായ വരവും പോക്കും പ്രദേശത്തെ റോഡുകളെയും പാലങ്ങളെയും അപകടാവസ്ഥയിലാക്കാനും സാധ്യതയുണ്ട്. വാര്‍ഫ് നിര്‍മാണം സംബന്ധിച്ച് പ്രദേശവാസികളുമായി യാതൊരു ചര്‍ച്ചയും നടത്തിയിരുന്നില്ല. ആദ്യം താഴം പള്ളിഭാഗത്താണ് വാര്‍ഫ് നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. അവിടെ നടക്കാതെ വന്നതോടെയാണ് പദ്ധതി പെരുമാതുറയിലേക്ക് മാറ്റിയത്.
ഇതൊക്കെ കണ്ടാണ് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പെരുമാതുറ മുസ് ലിം ജമാഅത്ത് ഭാരവാഹികള്‍, രാഷ്ട്രീയ സംഘടനപ്രതിനിധികള്‍, മത സംഘടന നേതാക്കന്‍മാരേയും വിളിച്ച് ചേര്‍ത്ത് മന്ത്രി മെഴ്‌സികുട്ടി അമ്മ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൂടിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ഇതിന് ശേഷം പല തവണ അദാനി പ്രതിനിധികള്‍ പെരുമാതുറ എത്തി പെരുമാതുറ ആക്ഷന്‍ കൗന്‍സിലുമായി ചര്‍ച്ച നടത്തി എങ്കിലും ഇത് അദാനിക്ക് പദ്ധതി തുടങ്ങാന്‍ ജനങ്ങളുടെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇതിനിടെ ഹാര്‍ബറിന്റെ ആഴം കൂട്ടുന്ന അദാനിയുടെ ജോലി തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."