തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച: കേസുകളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാനാവാതെ സര്‍ക്കാര്‍
കൊണ്ടോട്ടി: ജീവനക്കാരുടെ വീഴ്ചമൂലം തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരായ കേസുകളില്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാനാവാതെ സര്‍ക്കാര്‍. ഇതിനാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കെതിരേ കോടതികളില്‍നിന്ന് ഉത്തരവ് വരുന്നത് സര്‍ക്കാരിന് തിരിച്ചടിയാവുകയാണ്.
കെട്ടിട നമ്പര്‍, വയല്‍ നികത്തി വീടുവയ്ക്കല്‍ തുടങ്ങി നിരവധി കേസുകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്നത്. കേസുകളുടെ വിചാരണവേളയില്‍ സെക്രട്ടറിമാര്‍ നല്‍കുന്ന വിശദീകരണം കോടതിക്ക് ബോധ്യമാവാത്തതിനാല്‍ സര്‍ക്കാരിന് വന്‍ നഷ്ടമാണുണ്ടാകുന്നത്. ഇതിനേതുടര്‍ന്ന് കേസ് നടപടികള്‍ക്കായി ചുമതലപ്പെടുത്തിയ വക്കീലിന് കൃത്യസമയത്ത് വക്കാലത്തും ആവശ്യമായ രേഖകളും നല്‍കിയിട്ടുണ്ടെന്ന് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേസുകള്‍ സംബന്ധിച്ച് വിവിധ നിയമ ഫോറങ്ങളില്‍ സമര്‍പ്പിക്കുന്ന പത്രികകളിലും സത്യവാങ്മൂലങ്ങളിലും ആവശ്യമായ മുഴുവന്‍ വിവരങ്ങളും രേഖകളും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സെക്രട്ടറിമാര്‍ കേസിന് മുന്‍പ് പരിശോധിക്കണം. പഞ്ചായത്തിന് എതിരേയുള്ള കേസുകളില്‍ എതിര്‍കക്ഷിയുടെ പെറ്റീഷനിലെ ഓരോ ഖണ്ഡികയിലും പറയുന്ന വാദങ്ങള്‍ക്ക് വ്യക്തമായി മറുപടി ഖണ്ഡിക തിരിച്ച് തയാറാക്കി ചുമതലപ്പെടുത്തിയിട്ടുള്ള വക്കീലിന് കൈമാറുകയും വേണം.
കോടതി ഉത്തരവുകള്‍ അസി.സെക്രട്ടറിമാര്‍ വ്യക്തമായി പഠിച്ചിരിക്കണം. ഇവ നടപ്പാക്കുന്നത് സംബന്ധിച്ച് നിയമതടസങ്ങള്‍ ഉണ്ടായാല്‍ റിവിഷന്‍ ഹരജി ഫയല്‍ ചെയ്ത് വകുപ്പ് മേധാവിയെ അറിയിക്കണം. ക്രമവിരുദ്ധമായി ഉത്തരവ് നടപ്പാക്കുന്നതുമൂലം ഉണ്ടാകുന്ന നിയമതടസങ്ങള്‍ക്ക് നിയുക്ത ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കുമെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."