ജഡ്ജി നിയമനം: വീതിച്ചെടുക്കാനുള്ള കുടുംബസ്വത്തല്ലെന്ന് ജസ്റ്റിസ് കെമാല്‍പാഷ
കൊച്ചി: ജഡ്ജിമാരുടെ നിയമനം ആര്‍ക്കെങ്കിലും വീതിച്ചെടുക്കാനുള്ള കുടുംബസ്വത്തല്ലെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. ഹൈക്കോടതിയില്‍നിന്ന് വിരമിക്കുന്ന കെമാല്‍പാഷയുടെ യാത്രയയപ്പിന്റെ ഭാഗമായി നടന്ന ഫുള്‍കോര്‍ട്ട് റഫറന്‍സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജഡ്ജിമാരെ നിയമിക്കേണ്ടത് ജാതിയും മതവും നോക്കിയല്ല. അഭിഭാഷകരില്‍നിന്ന് ചിലരെ ജഡ്ജിമാരാക്കാന്‍ ശുപാര്‍ശചെയ്ത വിവരം മാധ്യമങ്ങളില്‍ കണ്ടിരുന്നു. മാധ്യമങ്ങള്‍ പറയുന്ന പേരുകള്‍ ശരിയാണെങ്കില്‍ ഇവരില്‍ പലരുടെയും മുഖംകാണാന്‍ ഞാന്‍ ഉള്‍പ്പെടെയുള്ള ജഡ്ജിമാര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല. ഇതു ഉചിതമാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
യോഗ്യതയുള്ള ധാരാളംപേര്‍ അഭിഭാഷകര്‍ക്കിടയിലുണ്ട്. എന്നാല്‍, യോഗ്യതയില്ലാത്തവരെ ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് ഈ സംവിധാനത്തിനുനേരെ വിരല്ചൂണ്ടാനിടയാക്കും. ഹൈക്കോടതിയിലെ ഭൂരിപക്ഷം കേസുകളിലും സര്‍ക്കാര്‍ കക്ഷിയാണ്. ഒരു ജഡ്ജി വിരമിച്ചശേഷം സര്‍ക്കാര്‍ ജോലി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്രിയമുണ്ടാക്കുന്നതൊന്നും അദ്ദേഹത്തിന് ചെയ്യാന്‍ കഴിയില്ല.
കീഴ്ക്കോടതികളിലെ ജുഡിഷ്യല്‍ ഓഫിസര്‍മാര്‍ ആവലാതികളുമായി സമീപിക്കുമ്പോള്‍ ഹൈക്കോടതി ജഡ്ജിമാര്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."