സഊദിയില്‍ ഒരു റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ചു: പകരം നാണയങ്ങള്‍
റിയാദ്: സഊദിയില്‍ ഒരു റിയാല്‍ നോട്ട് പിന്‍വലിച്ചു. പകരം ഒരു റിയാല്‍ നാണയങ്ങളാണ് വിപണിയില്‍ ഉണ്ടാവുക. സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി(സാമ)യുടേതാണ് തീരുമാനം. ഇന്നലെ മുതല്‍ ഒരു റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുക.
നോട്ടുകള്‍ക്ക് പകരം ഇനി മുതല്‍ ഒരു റിയാല്‍ നാണയത്തിലായിരിക്കും ക്രയവിക്രയങ്ങളെങ്കിലും പൊതുജനങ്ങളുടെ കൈവശമുള്ള നോട്ടുകള്‍ മാറിയെടുക്കുന്നതിനും, പകരം നാണയങ്ങള്‍ കൈവശപ്പെടുത്തുന്നതിനും പ്രത്യേകം നിബന്ധനകളൊന്നും തന്നെ അധികൃതര്‍ മുന്നോട്ടുവച്ചിട്ടില്ല. നിശ്ചിത സമയക്രമം അനുസരിച്ച് വിപണിയില്‍ നിന്ന് പൂര്‍ണമായും റിയാല്‍ നോട്ടുകള്‍ പിന്‍വലിച്ചു പകരം നാണയങ്ങള്‍ മാത്രമാക്കാനാണ് സാമ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
വിപണിയില്‍ പുതിയതായി നിരവധി നാണയങ്ങള്‍ സാമ പുറത്തിറക്കിയിട്ടുണ്ട്.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് പുറത്തിറക്കിയ ആറാംപതിപ്പില്‍ ഒരു ഹലാല (17 പൈസ), അഞ്ചു ഹലാല, പത്ത് ഹലാല (1.7 രൂപ), 25 ഹലാല, 50 ഹലാല, ഒരു റിയാല്‍ (17 രൂപ), രണ്ടു റിയാല്‍ നാണയങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."