ജിഷവധം: തെളിവെടുപ്പ് പൂര്‍ത്തിയായി; പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് ശേഷം പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വീണ്ടും ഹാജരാക്കും. 10 ദിവസം മുന്‍പ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ അന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വേണ്ടി പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തുടര്‍ന്ന് കൊലപാതകം നടന്ന ജിഷയുടെ വീട്ടിലും സമീപപ്രദേശങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ 16നാണ് പ്രതിയെ തഞ്ചാവൂരില്‍ നിന്നു പൊലിസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് അവിടെ എത്തിച്ചും അന്വേഷണസംഘം തെളിവെടുപ്പ് നടത്തി.
കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ആദ്യ അന്വേഷണസംഘം ജിഷയുടെ വീടിന് സമീപത്തുള്ള കാട്ടില്‍ നിന്നു കണ്ടെടുത്ത കത്തി കൊലപാതകത്തിന് ഉപയോഗിച്ചതാണെന്നാണ് ഇപ്പോള്‍ പൊലിസിന്റെ വെളിപ്പെടുത്തല്‍. ഈ കത്തിയുടെ മരപ്പിടിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധയില്‍ രക്തക്കറ കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രതി ധരിച്ചിരുന്ന മഞ്ഞഷര്‍ട്ട് കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. ഈ കത്തിയും ഇന്ന് പ്രതിക്കൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അമീറിന്റെ ഡി.എന്‍.എ പരിശോധനാ റിപ്പോര്‍ട്ടും കോടതിയില്‍ ഇതോടൊപ്പം ഹാജരാക്കും. ഇതിനിടെ അമീറിന്റെ സുഹൃത്തിനെ തേടി ക്രൈം ബ്രാഞ്ച് പൊലിസ് സംഘം അസമില്‍ അന്വേഷണം നടത്തുന്നുമുണ്ട്. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് എല്ലാ തെളിവെടുപ്പും പൂര്‍ത്തീകരിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അതിനാല്‍ ഇനി പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങാന്‍ സാധ്യതയില്ല.
ഇതിനിടെ കോടതിയില്‍ നിന്നും പ്രതിക്ക് സഹായത്തിനായി നിയമിച്ച അഭിഭാഷകന് അമീറിനെ കണ്ട് സംസാരിക്കാന്‍ ഇതുവരെ അവസരം നല്‍കിയിട്ടില്ല. ഇതിനായി അഭിഭാഷകന് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."