ഫറോക്ക് ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 10 കോടി രൂപയുടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ഭരണാനുമതി
ഫറോക്ക്: ഗവ. ഗണപത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയാന്‍ 10 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചു.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുഖേന പി.ടി.എ സമര്‍പ്പിച്ച പദ്ധതിക്ക് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. വിശദമായ എസ്റ്റിമേറ്റ് തയാറാക്കി ഉടന്‍തന്നെ സാങ്കേതിക അനുമതിക്കു സമര്‍പ്പിക്കും. ഇന്‍ഡോര്‍ സ്റ്റേഡിയം, സിന്തറ്റിക്ക് ട്രാക്കോടു കൂടിയ മൈതാനം, ഹാന്‍ഡ് ബോള്‍ കോര്‍ട്ട്, മിനി ഹോക്കി കോര്‍ട്ട്, മിനി ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, തൈക്വാന്‍ഡോ കോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്നു പി.ടി.എ പ്രസിഡന്റ് എം.ഗിരീഷ് പറഞ്ഞു.
നിലവില്‍ സ്‌കൂള്‍ മുറ്റത്തുളള സ്റ്റേജ് പൊളിച്ചു നീക്കി അവിടെയാകും സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പണിയുക. നേരത്തെ ആറര കോടി രൂപയുടെ പദ്ധതിയയായിരുന്നു സ്‌കൂള്‍ അധികൃതര്‍ സമര്‍പ്പിച്ചിരുന്നത്. സ്‌കൂള്‍ സ്റ്റേഡിയം കൂടി രാജ്യാന്തര നിലാവരത്തില്‍ നവീകരിക്കുന്നതിനാണ് സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചത്. രാജ്യാന്തര നിലാവരത്തിലേക്ക് ഉയര്‍ത്തുന്ന സ്‌കൂളില്‍ 6.75 കോടി രൂപയുടെ വികസന പ്രവര്‍ത്തി ഉടനാരംഭിക്കും. പുതിയ കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 29നു വൈകിട്ടു മൂന്നിനു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. പുതിയ കെട്ടിടങ്ങള്‍, സയന്‍സ് മ്യൂസിയം, ലൈബ്രറി, ലാബോറട്ടറി, ഗണിത പഠനകേന്ദ്രം എന്നിവയടങ്ങുന്ന സ്‌കൂള്‍ കോംപ്ലക്‌സാണ് നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."