ചങ്ങരോത്ത് പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
കോഴിക്കോട്: നിപാ വൈറസ് ബാധയെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ച ചങ്ങരോത്ത് പഞ്ചായത്തില്‍ ശുചിത്വ മിഷന്, ഹരിത കേരളം, നിറവ് വേങ്ങേരി എന്നിവയുടെ ആഭിമുഖ്യത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ശുചിത്വമിഷന് കീഴിലെ ഹരിതകര്‍മ സേനയും ആരോഗ്യ ജാഗ്രതാ വളണ്ടിയര്‍മാരും പഞ്ചായത്തിലെ വിവിധ മേഖലകളില്‍ നിന്ന് ശേഖരിച്ച 23 ലോഡ് അജൈവ പാഴ്വസ്തുക്കള് പുനഃചംക്രമണത്തിനായി നിറവ് വേങ്ങേരി ഏറ്റെടുത്തു.
വീടുകളില്‍നിന്ന് ശേഖരിച്ച ജൈവ പാഴ്വസ്തുക്കള് വീടുകളുടെ സമീപത്തുതന്നെ കുഴിയെടുത്ത് മൂടുകയും ചെയ്തു. മൂന്ന് ദിവസത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്രയും പാഴ്വസ്തുക്കള് ശേഖരിക്കാനും കയറ്റിയയക്കാനും കഴിഞ്ഞതെന്ന് ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ പി.എം സൂര്യ പറഞ്ഞു.
നിപ വൈറസിനെ കുറിച്ച് ആരോഗ്യ വകുപ്പിന്റെ ബോധവല്‍ക്കരണ നിര്ദേങ്ങളടങ്ങിയ നോട്ടിസ് ആശാ വര്‍ക്കര്‍മാര്‍, കുടുംബശ്രീ സി.ഡി.എസ്, ആരോഗ്യ ജാഗ്രതാ വളണ്ടിയര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ പ്രദേശത്തെ വീടുകളില്‍ വിതരണം ചെയ്തു. ശുചീകരണ പ്രവര്‍ത്തകര്‍ക്കുള്ള മാസ്കുകളും ഗ്ലൗസുകളും ശുചിത്വ മിഷന് നല്കി. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നല്കാന് ഡിസാസ്റ്റര്‍ മാനേജ്മെന്റിന് ശുചിത്വ മിഷന് നല്കിയ മാസ്കുകളും ഗ്ലൗസുകളും ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) പി.പി കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി.
27ന് പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി പഞ്ചായത്തുകളിലും ശുചീകരണം നടത്താന്‍ ശുചിത്വ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."