ക്ഷയരോഗ വിമുക്തി; ആശുപത്രികളുടെ സംയുക്ത യജ്ഞത്തിന് തുടക്കമായി
കൊച്ചി: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കൊച്ചി നഗരത്തെ ക്ഷയരോഗ വിമുക്തമാക്കാനുള്ള പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ സൗമിനി ജയിന്‍ നിര്‍വ്വഹിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കൊച്ചി ശാഖയുടെ സഹകരണത്തോടെ ക്ഷയരോഗം തുടച്ചു മാറ്റാനുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ പൊതുയജ്ഞം രാജ്യത്തിനു മാതൃകയാണെന്ന് മേയര്‍ അഭിപ്രായപ്പെട്ടു.
നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ. വി.കെ. മിനിമോള്‍ അധ്യക്ഷനായി. സ്വകാര്യ ആശുപത്രികളുടെ കൂട്ടായ്മയുടെ ഉദ്ഘാടനം സബ്ബ് കളക്ടര്‍ ഡോ. ആദില നിര്‍വ്വഹിച്ചു. നഗരസഭയോടൊപ്പം സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം.), ലോകാരോഗ്യ സംഘടന (ഡബ്ലിയു.എച്ച്.ഒ.) എന്നിവരും സംരംഭത്തില്‍ പങ്കാളികളാകുന്നുണ്ട്. ദേശീയ ക്ഷയരോഗ നിയന്ത്രണ പരിപാടിയുടെ കീഴിലുള്ള മരുന്നുകള്‍ സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യമായി നല്കുവാനും വിലകൂടിയ പരിശോധനകളും പൊതുജനാരോഗ്യ സേവനങ്ങളും അര്‍ഹരായ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ വഴി സൗജന്യമായി നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. എം.നാരായണന്‍ പറഞ്ഞു.
ക്ഷയരോഗ ബാധിതര്‍ക്ക് ചികിത്സ സാമ്പത്തിക ബാധ്യതയായി മാറാതിരിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലില്‍ പറഞ്ഞു. ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ശരത് ജി. റാവു, ഡോ. ഷിബു ബാലകൃഷ്ണന്‍, ഡോ. ജുനൈത് റഹ്മാന്‍, ഡോ.കെ.വി.ബീന, ഡോ. വി.എസ്. ഡാലിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."