സ്വപ്നം നല്‍കി വഞ്ചിക്കുന്ന ബജറ്റ്: യു.ഡി.എഫ്
തിരുവനന്തപുരം: കവികളുടെ പ്രതീക്ഷ നല്‍കുന്ന ഉദ്ധരിണികള്‍ ഉരുവിട്ടുകൊണ്ട് ജനങ്ങളെ സ്വപ്നലോകത്തേക്ക് കൊണ്ടുപോവുക മാത്രമാണ് ബജറ്റ് അവതരിപ്പിച്ച ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ ചെയ്തതെന്ന് യു.ഡി.എഫ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. ബജറ്റിനെതിരെ ബി.ജെ.പിക്ക് ഒപ്പം നിന്ന് യു.ഡി.എഫ് അംഗങ്ങള്‍ വോട്ട് ചെയ്യില്ല. പ്രായോഗിക നിര്‍ദേശങ്ങളോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാത്ത ബജറ്റിനെ യു.ഡി.എഫ് അംഗങ്ങള്‍ അംഗീകരിക്കുന്നില്ല. ബജറ്റിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് യു.ഡി.എഫിന് വ്യക്തമായ നിലപാടുകള്‍ ഉണ്ട്. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിട്ടുള്ള പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല. എല്‍ ഡി എഫ് നഗരസഭാ ഭരണം ഏറ്റെടുത്ത് 40 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചാണ് പറയുന്നത്. എല്ലാ ബജറ്റിലുമുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ബജറ്റിലുമുണ്ട്. എന്നാല്‍ ഫലപ്രദമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനോ തെരുവുനായശല്യം നിയന്ത്രിക്കാനോ കഴിഞ്ഞിട്ടില്ല. ദീര്‍ഘവീക്ഷണം ഇല്ലാത്തതും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രയോജനമില്ലാത്തതാണ് ബജറ്റെന്നും യു.ഡി.എഫ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് അംഗങ്ങളായ ബീമാപ്പള്ളി റഷീദ്, ജോണ്‍സണ്‍ ജോസഫ്, അനില്‍കുമാര്‍, പീറ്റര്‍ സോളമന്‍, സിനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."