കവിതകളെ കൂട്ടുപിടിച്ച് അവതരണം; വിമര്‍ശനവുമായി പ്രതിപക്ഷം
തിരുവനന്തപുരം: കവിതകളെ കൂട്ട് പിടിച്ച് അത്യന്തം സര്‍ഗാത്മകമായിരുന്നു ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെ ബജറ്റവതരണം. ഒ.എന്‍.വിയെയും ഉള്ളൂരിനെയും കടമെടുത്തുള്ള ബജറ്റ് പ്രസംഗം പുതുമയുള്ളതായി.കാവ്യാത്മക അവതരണം പ്രതിപക്ഷത്തെ ചൊടിപ്പിച്ചെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള എളുപ്പവഴിയായി.
'പഴയ കോട്ട തന്‍ മുകളിലേക്ക് ഞാന്‍ കഴലുകള്‍ നൊന്ത് പതുക്കെ കേറുന്നു' എന്ന ഒ.എന്‍.വിയുടെ വരികള്‍ തലസ്ഥാന നഗരത്തിന്റെ സമ്പന്നമായ പൈതൃകത്തെ വരച്ചിട്ടു. വികസനത്തിന്റെയും ക്ഷേമപ്രവര്‍ത്തനത്തിന്റെയും അനന്തപുരി ഒരു സമഗ്രപുരിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാപിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീസംരക്ഷണത്തിനുമായുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും ഒ.എന്‍.വിയെ തന്നെയാണ് കൂട്ടുപിടിച്ചത്. 'എവിടെ മനുഷ്യനുണ്ടവിടെയെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്റെയീ ഗാന' മെന്ന വരികളിലൂടെ ഒ.എന്‍.വിയുടെ പരിസ്ഥിതി-സ്ത്രീ സംരക്ഷണ കാഴ്ചപ്പാടുകള്‍ക്കൊപ്പമാണ് നഗരസഭയെന്നും രാഖി പറഞ്ഞു. കിഴക്കേക്കോട്ട-കേശവദാസപുരം റോഡ് സ്ത്രീ സൗഹൃദ-സുരക്ഷാ റോഡുകളാക്കും. ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കി രാജ്യത്തിന് മാതൃകയാവുന്ന രീതിയില്‍ തലസ്ഥാനത്തെ സ്ത്രീ സൗഹൃദ നഗരമാക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
പ്രകൃതി സംരക്ഷണത്തിന്റെ ഓര്‍മ്മപ്പെടുത്തലായി മാറിയ 'ഇനിയും മരിക്കാത്ത ഭൂമി..' ഉദ്ധരിച്ച് ജലദൗര്‍ലഭ്യത്തിന്റെ ഗുരുതര പ്രാധാന്യവും കുടിവെള്ള വിതരണ പദ്ധതികളും അവതരിപ്പിച്ചു. പ്ലാസ്റ്റിക്കിന്റെ ഭീകരത വ്യക്തമാക്കാന്‍ ഉള്ളൂരിന്റെ 'നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ' എന്ന വരികളാണ് കടമെടുത്തത്. പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന നഗരമാക്കാനുള്ള പദ്ധതികള്‍ മാര്‍ച്ച് ഒന്നുമുതല്‍ ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.
അതേസമയം ബജറ്റവതരണത്തില്‍ കവിത നിറച്ചതിനെ രൂക്ഷമായാണ് യു.ഡി.എഫ് വിമര്‍ശിച്ചത്. കവിതകള്‍ പോലെ മിഥ്യാധാരണകള്‍ നിറച്ച ബജറ്റാണിതെന്ന് യു.ഡി.എഫ് ആരോപിച്ചു. കവികള്‍ ഭാവനകളില്‍ ജീവിക്കുന്നവരാണെന്നും കവിതകള്‍ പോലെ തന്നെ ബജറ്റിലുള്ളതൊന്നും യാഥാര്‍ഥ്യാമാകാന്‍ പോകുന്നില്ലെന്നും തുടര്‍ന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."