ചോര്‍ന്നൊലിക്കുന്ന പുതിയ വീടുകളില്‍ ആശയറ്റ് ആദിവാസികള്‍
മാനന്തവാടി: 'നിര്‍മാണം പൂര്‍ത്തിയാക്കിയിട്ട് രണ്ടു വര്‍ഷമേ ആയിട്ടൊള്ളൂ. ഇപ്പോഴേ ചോര്‍ന്ന് തുടങ്ങി'.
പുതിയ വീട്ടിലും ആശയറ്റ് കഴിയുകയാണ് മാനന്തവാടി നഗരസഭയിലെ വരടിമൂല കോളനി വാസികള്‍.
രണ്ടു വര്‍ഷത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ഏഴോളം വീടുകളാണ് മഴ തുടങ്ങിയതോടെ ചോര്‍ന്നോലിക്കുന്നത്. കോളനിയിലെ കൊയപ്പ, കാഞ്ചി, ശാന്ത, സിന്ദു എന്നിവരുടെ വീടിനുള്ളില്‍ മുഴുവന്‍ വെള്ളം കയറിയിരിക്കുകയാണ്. ചില വീടുകളുടെ മേല്‍ കൂരയില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍ വലിച്ച് കെട്ടിയിട്ടുണ്ടെങ്കിലും കനത്ത കാറ്റില്‍ ഇവ പാറി പോയി വീടിനുള്ളിലേക്ക് വെള്ളം എത്തുകയാണ്. 17 വീടുകളാണ് വരടിമൂല കോളനിയിലുള്ളത്. നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം മാറിയാണ് കോളനി. വീടുകളില്‍ പഴക്കം ചെന്നതും രണ്ട് വര്‍ഷത്തിനിടെ നിര്‍മിച്ചവയും ഉണ്ട്. പഴയ വീടുകളില്‍ ചോര്‍ച്ച താരതമ്യേന കുറവാണ്. എന്നാല്‍ പട്ടിക വര്‍ഗ വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഈയടുത്തകാലത്ത് നിര്‍മിച്ച വീടുകളാണ് ചോര്‍ന്നൊലിക്കുന്നത്. മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോള്‍ നിലവാരമില്ലാത്ത മണല്‍ ഉപയോഗിച്ചതാണ് ചോര്‍ച്ചക്ക് കാരണം. ഭുരിഭാഗം വീടുകും കരാറുകാരാണ് നിര്‍മിച്ചത്. പ്രവൃത്തി പൂര്‍ത്തിയാകും മുമ്പെ പണം കൈപ്പറ്റി കരാറുകാര്‍ സ്ഥലം വിട്ടതായും ആരോപണമുണ്ട്.
കാല വര്‍ഷം കനത്തതോടെ രാത്രിയില്‍ ചോര്‍ച്ചയില്ലാത്ത വീടുകളിലാണ് ഒന്നിച്ചാണ് കോളനിയിലെ കുടുംബങ്ങള്‍ കഴിയുന്നത്. വീടുകളിലെ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും പറ്റാത്ത രീതിയില്‍ ചോര്‍ന്നൊലിക്കുകയാണ്. വീടുകള്‍ നിര്‍മിക്കുന്ന സമയത്ത് വേണ്ടത്ര പരിശോധനകള്‍ നടത്താതെ ഫണ്ട് കൈമാറുന്നതാണ് അപാകതകള്‍ക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കുട്ടുകെട്ടാണ് ഗുണഭോക്താക്കള്‍ക്ക് ദുരിതമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."