ശക്തമായ കാറ്റും മഴയും; മലയോരത്ത് 11 വീടുകള്‍ തകര്‍ന്നു
കാളികാവ്: ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക നാശ നഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപക കൃഷി നാശം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയാണ് ഇടിയോട് കൂടിയ ശക്തമായ കാറ്റും മഴയും മലയോര മേഖലയിലുണ്ടായത്. പൂങ്ങോട്, വെള്ളയൂര്‍, തുവ്വൂര്‍, ചെമ്പ്രശ്ശേരി ഭാഗങ്ങളിലാണ് ശക്തമായ മഴയോടെ കാറ്റ് അടിച്ചുവീശിയത്. മരം വീണ് നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. നൂറോളം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് വീണ് വൈദ്യുതി ബന്ധം പൂര്‍ണമായി തടസപ്പെട്ടു.
തുവ്വൂര്‍, വെള്ളയൂര്‍, ചെമ്പ്രശ്ശേരി ഭാഗങ്ങളിലാണ് കൂടുതല്‍ നാശ നഷ്ടം ഉണ്ടായത്. വെള്ളയൂര്‍ കവുങ്ങലില് വൈദ്യുതി ലൈനിന് മുകളിലൂടെ റബര്‍ മരങ്ങള്‍ വീണ് അന്‍പതിലധികം വൈദ്യുതി കാലുകളാണ് തകര്‍ന്നത്. ചെമ്പ്രശ്ശേരി ഈസ്റ്റിലും നിരവധി റബര്‍ മരങ്ങള്‍ നിലംപൊത്തി.
തുവ്വൂര്‍ ഭാഗത്തും നിരവധി മരങ്ങള്‍ വീണ് നിരവധി വൈദ്യുതി കാലുകള്‍ തകര്‍ന്നിട്ടുണ്ട്.
വെള്ളയൂര്‍ കാവുങ്ങലിലെ പുളിക്കല്‍ അബ്ദുല്‍ അസീസ്, ചക്കാലക്കുന്നന്‍ ആമിന, പുളിക്കല്‍ യൂസുഫ്, പുളിക്കല്‍ മറിയുമ്മ, ആക്കുംപാര് രാമന്, മഞ്ചേരി മൂസ, എളങ്കൂര്‍ ശങ്കരന്, നിലേങ്ങാടന് സുനീഷ്, കോട്ടുപാറ വിലാസിനി, എളങ്കൂര്‍ തങ്കമണി തുടങ്ങിയവരുടെ വീടുകളാണ് മരം വീണ് തകര്‍ന്നത്.
ചെമ്പ്രശ്ശേരിയില്‍ പരുത്തിക്കുന്നന്‍ മുനീറിന്റെ വീടിനു മുകളിലേക്ക് വന്‍തേക്ക് കടപുഴകി വീണ് മേല്‍ക്കൂര തകര്‍ന്നു. ചില വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പഞ്ചായത്തംഗങ്ങളായ നീലേങ്ങാടന്‍ സൈതാലി, ചാത്തുക്കുട്ടി തുടങ്ങിയവരുടെ നിരവധി റബര്‍ മരങ്ങളാണ് കാറ്റില്‍ കടപുഴകി വീണത്. കാറ്റിലും മഴയിലും നാശ നഷ്ടമുണ്ടായ സ്ഥലങ്ങളില്‍ വെള്ളയൂര്‍ വില്ലേജ് ഓഫിസര്‍ കെ. സരിത കുമാരിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."