തേവന്നൂര്‍ ക്ഷേത്രം-ഇടക്കാട്ടറ റോഡ് പൊട്ടിപ്പൊളിഞ്ഞത് ദുരിതമാകുന്നു
ആയൂര്‍: ആയൂര്‍-പാറങ്കോട്-ചെപ്ര റോഡിനെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന തേവന്നൂര്‍ ക്ഷേത്രം-ഇടക്കാട്ടറ ഭാഗം പൊട്ടിപ്പൊളിഞ്ഞത് കാല്‍നടയാത്രപോലും ദുസഹമാക്കിയിരിക്കുകയാണ്. റോഡ് നിറയെ മരണക്കുഴികളാണ്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ അപകടത്തില്‍പെടുന്നതും പതിവ് സംഭവമായിരിക്കുകയാണ്. റോഡിന്റെ ദുര്‍ഗതി തുടങ്ങിയിട്ട് രണ്ടുവര്‍ഷത്തിലധികമായെങ്കിലും അധികൃതര്‍ ആരുംതന്നെ ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഓട്ടോ, കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍പോലും ഇതുവഴി ഏറെ പ്രയാസപ്പെട്ടാണ് പോകുന്നത്. മഴപെയ്താല്‍ റോഡിലെ കുഴികള്‍ വെള്ളക്കെട്ടിലാകും. അപരിചിതരായ യാത്രികരില്‍ ഏറിയപങ്കും ഇത്തരം വെള്ളക്കെട്ടില്‍പെട്ട് അപകടത്തില്‍പെട്ടിട്ടുണ്ട്.
ദിവസവും നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും ഈ റോഡ് ഇപ്പോഴും അധികൃതരുടെ അവഗണനാപട്ടികയിലാണുള്ളത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ചെയ്ത ടാറിങിന്റെ മിക്കഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു പോയിരിക്കുകയാണ്. ടാറിംഗ് പൊട്ടിപ്പൊളിഞ്ഞതിനാല്‍ റോഡില്‍ മെറ്റല്‍കഷണങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്നത് കാല്‍നടയാത്രികര്‍ക്കുപോലും അപകടഭീഷണിയായി മാറിയിരിക്കുന്നു. വഞ്ചിപ്പെട്ടി മുതലുള്ള കുറച്ചുഭാഗം കഴിഞ്ഞവര്‍ഷം അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും റോഡിന്റെ ബാക്കിഭാഗമാണ് തകര്‍ന്നുകിടക്കുന്നത്. കമ്പംകോട് എല്‍.പി.എസ്, തേവന്നൂര്‍ എല്‍.പി.എസ്, ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളുടെ യാത്രയും ദുരിതപൂര്‍ണമാണ്.
റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കാത്തതില്‍ വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും പ്രതിഷേധം ശക്തമായിട്ടുണ്ട്. അധികൃതര്‍ അടിയന്തിരമായി ഇടപെട്ട് ടാറിംഗ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."