കുമരകം മോഡല്‍ ഉത്തരവാദിത്വ ടൂറിസം കുണ്ടറയിലേക്കും
കൊല്ലം: ഉത്തരവാദിത്വ ടൂറിസം മാതൃകാപരമായി നടപ്പിലാക്കി ശ്രദ്ധനേടിയ കുമരകം മോഡല്‍ കുണ്ടറയിലെ കായല്‍ സാമീപ്യമുള്ള 21 വാര്‍ഡുകളില്‍ നടപ്പിലാക്കുന്നതിന് പ്രാരംഭ പദ്ധതിരേഖ തയാറാക്കി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കുണ്ടറ മണ്ഡലത്തിന്റെ വികസനത്തിനായി ആരംഭിച്ച ഇടം പദ്ധതിയുടെ ഭാഗമായാണ് ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കുന്നത്. മേഖലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം തദ്ദേശീയരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളും തൊഴില്‍ അവസരങ്ങളും കൊണ്ടുവരികയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഹോം സ്റ്റേ, സര്‍വീസ് വില്ല തുടങ്ങിയ സംരംഭങ്ങള്‍ പദ്ധതി രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത തൊഴിലുകള്‍ പരിചയപ്പെടുത്തുന്ന വില്ലേജ് ലൈഫ് ടൂറിസം പാക്കേജുകളിലൂടെ കൂടുതല്‍ ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കാനാകും. മുഖ്യ ടൂറിസം ആകര്‍ഷണ കേന്ദ്രമായി ഇതിനോടകം മാറിക്കഴിഞ്ഞ മണ്‍ട്രോതുരുത്തിനൊപ്പം പേരയം, പെരിനാട് തുടങ്ങിയ സ്ഥലങ്ങളില്‍ക്കൂടി കായല്‍ ടൂറിസം വ്യാപിപ്പിക്കാനാണ് ശ്രമം. ഇതിനായി ടൂറിസം പാക്കേജിങ് കമ്പിനികള്‍, ട്രാവല്‍ പ്ലാനര്‍മാര്‍ മറ്റ് ടൂറിസം സംരംഭകര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്ന് കലക്‌ട്രേറ്റില്‍ ചേര്‍ന്ന ഇടം പദ്ധതി ഏകോപന യോഗത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഉത്തരവാദിത്വ ടൂറിസം സംബന്ധിച്ച വിപുലമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രി ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അഷ്ടമുടി മാസ്റ്റര്‍ പ്ലാനിന്റെ ഘടകങ്ങള്‍ കൂടി സംയോജിപ്പിച്ചുകൊണ്ടാകണം പദ്ധതിയെന്ന് മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി, എ.ഡി.എം ഐ അബ്ദുല്‍ സലാം, എ.ഡി.സി വി സുദേശന്‍, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."