ജെന്റര്‍ കോര്‍ ടീം പദ്ധതി അവതാളത്തില്‍; ഏഴ് മാസമായി ഓണറേറിയം ലഭിച്ചിട്ടില്ലെന്ന്
ആലപ്പുഴ: കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആരംഭിച്ച ജെന്റര്‍ കോര്‍ ടീം അംഗങ്ങള്‍ക്ക് കഴിഞ്ഞ ഏഴു മാസമയി ഓണറേറിയമില്ല. സമൂഹത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ നേരിടുന്നതിന് സ്ത്രീകളെ ശക്തരാക്കുക.
സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്ന സ്ത്രീകളെ മുന്‍ നിരയില്‍ കൊണ്ടു വരിക എന്നിവയൊക്കെ ലക്ഷ്യമിട്ട് ആരംഭിച്ചതാണ് ജെന്റര്‍ കോര്‍ ടീം. എന്നാല്‍ കഴിഞ്ഞ ഏഴ് മാസത്തെ ഓണറേറിയം ലഭിച്ചിട്ടില്ലെന്നു ജെന്റര്‍ കോര്‍ ടീം അംഗങ്ങള്‍ പറയുന്നു. പല തവണ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധപ്പെട്ടെങ്കിലും സര്‍ക്കാരില്‍ നിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്നാണ് മറുപടി കിട്ടുന്നത്. നിലവില്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്നും അതിനാലാണ് ഓണറേറിയം നല്‍കുന്നത് മുടങ്ങുന്നതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുജ ഈപ്പന്‍ പറഞ്ഞു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പല പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നുണ്ടെങ്കിലും രണ്ട് മാസം പോലും അവ തികച്ചു പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് വാസ്തവം. സംസ്ഥാനത്തൊട്ടാകെ കഴിഞ്ഞ ആറു വര്‍ഷമായി ജെന്റര്‍ കോര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫണ്ടില്ല എന്ന കാരണത്താല്‍ ഓണറേറിയം നിഷേധിക്കുന്നത് ഇതാദ്യമായിട്ടാണെന്നു ടീമിലേക്കു തിരഞ്ഞെടുത്തവര്‍ പറയുന്നു.
സര്‍ക്കാര്‍ ബജറ്റില്‍ 15000 രൂപയാണ് ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും 10000 രൂപയും 1000 രൂപ ടി.എ യുമാണ് നിലവില്‍ കോര്‍ ടീമിനു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതത് ബ്ലോക്കുകളില്‍ ഉള്ള സ്ത്രീകളെ ബോധവത്ക്കരിക്കുന്നതിനായി കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ബിരുദ പഠനമുള്ളവരെയാണ് കൗണ്‍സിലര്‍മായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്കു ആവശ്യമായ ട്രെയിനിംഗും കുടുംബശ്രീ മിഷന്‍ വഴിയാണ് ചെയ്യുന്നത്.
സംസ്ഥാന തലത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജെന്റര്‍ കോര്‍ ടീമിനെ പങ്കെടുപ്പിച്ച് ടോക്ക് ഷോകള്‍ നടത്തിയിരുന്നു. എന്നാല്‍ അവയെല്ലാം ഇന്ന് പ്രഹസനമായി മാറിയിരിക്കുകയാണ്. സമൂഹത്തിലെ താഴെത്തട്ടിലുള്ള സ്ത്രീകളെ സഹായിക്കുന്നതിനായാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."