ഖത്തര്‍ മധ്യ പൗരസ്ത്യ ദേശത്തെ സന്തോഷം നിറഞ്ഞ രണ്ടാമത്തെ രാജ്യം
ദോഹ: മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്കന്‍(മെന) മേഖലയില്‍ ഏറ്റവും സന്തോഷം നിറഞ്ഞ രണ്ടാമത്തെ രാജ്യമെന്ന പദവി ഖത്തര്‍ തിരിച്ചു പിടിച്ചു. കഴിഞ്ഞ വര്‍ഷം സഊദി അറേബ്യ തട്ടിയെടുത്ത ഈ പദവി ഖത്തര്‍ ഇത്തവണ നിലനിര്‍ത്തിയതായി യു.എന്നിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് 2017ലെ ലോകത്തിലെ മൊത്തം 155 രാജ്യങ്ങളുടെ പട്ടികയില്‍ 35ാം സ്ഥാനമാണ് ഖത്തറിന്. സഊദി അറേബ്യയേക്കാള്‍ രണ്ടു സ്ഥാനം മുകളിലാണ് ഖത്തര്‍. എന്നാല്‍, സഊദി 2016ലെ 34ാം സ്ഥാനത്തു നിന്ന് മൂന്ന് പടി കുറഞ്ഞ് 37ലെത്തി.
അതേ സമയം, മേഖലയിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമെന്ന പദവിയില്‍ യു.എ.ഇ തുടരുകയാണ്.
ലോകതലത്തില്‍ 28ാം സ്ഥാനത്തു നിന്ന് 21ാം സ്ഥാനത്തെത്താന്‍ ഇത്തവണ യു.എ.ഇക്ക് സാധിച്ചു. മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളില്‍ കുവൈത്ത് 39ാമതും ബഹ്റൈന്‍ 41ാമതുമാണ്. അറബ് വംശജരല്ലാത്തവരെയും പട്ടിക തയ്യാറാക്കുന്നതിനുള്ള സര്‍വേയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് ഈ മാറ്റമെന്നു കരുതുന്നു. നേരത്തേ ഖത്തരികളും അറബ് പ്രവാസികളെയും മാത്രമാണ് സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നത്.
പ്രതിശീര്‍ഷ ജി.ഡി.പി, ശരാശരി ആയുസ്സ്, സാമൂഹിക പിന്തുണ(പ്രതിസന്ധികളുണ്ടാവുമ്പോള്‍ സഹായിക്കാന്‍ ആരെങ്കിലുമുണ്ടാവുക), വിശ്വാസ്യത(സര്‍ക്കാരിലും വ്യാപാരത്തിലും അഴിമതി ഇല്ലാതിരിക്കുക), ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, ഉദാരത തുടങ്ങിയ ഘടകങ്ങളാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് വേണ്ടി പ്രധാനമായും പരിഗണിക്കുന്നത്. ഖത്തറിന്റെ മികച്ച റാങ്കിങിന് പിന്നില്‍ പ്രധാനമായും ഉയര്‍ന്ന പ്രതിശീര്‍ഷ ജി.ഡി.പിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."