മിത്ര 181 വനിതാ ഹെല്‍പ് ലൈന്‍ ഉദ്ഘാടനം 27ന്
തിരുവനന്തപുരം: കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏതുസമയത്തും ആശ്രയിക്കാവുന്ന പുതിയ ടോള്‍ ഫ്രീ നമ്പര്‍-'മിത്ര 181' ഉദ്യമവുമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍. 'മിത്ര 181' വനിതാ ഹെല്‍പ്‌ലൈന്‍' ഉദ്ഘാടനം ഈ മാസം 27ന് വൈകിട്ട് നാലിന് തിരുവനന്തപുരം കോ-ബാങ്ക് ടവറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യഥാസമയം സഹായം എത്തിക്കുന്നതിലൂടെ അപകടങ്ങളുടെയും അതിക്രമങ്ങളുടെയും രൂക്ഷത കുറയ്ക്കുന്നതിനും വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികളുടെ സഹായം ഏകോപിപ്പിക്കുന്നതിനും ഹെല്‍പ് ലൈനിലൂടെ സാധ്യമാകും. പെണ്‍കുട്ടികളും സ്ത്രീകളും പൂര്‍ണമായി സുരക്ഷിതരാവുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടാവുകയെന്നും സ്ത്രീ ശാക്തീകരണ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന ആത്മാര്‍ത്ഥവും സജീവവുമായ നിരവധി പ്രവര്‍ത്തനങ്ങളുടെ സ്വാഭാവിക തുടര്‍ച്ചയാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എവിടെനിന്നും ലാന്റ് ഫോണില്‍ നിന്നും മൊബൈല്‍ ഫോണില്‍നിന്നും 181 ലേക്ക് സൗജന്യമായി വിളിച്ച് സഹായം ആവശ്യപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ വനിതാ വികസന കോര്‍പറേഷന്‍ അധ്യക്ഷ കെ.എസ്. സലീഖ, എം.ഡി വി.സി ബിന്ദു, സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ ടി.വി. അനുപമ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."