മഴയെത്തി; പാളക്കൊല്ലിക്കാര്‍ക്ക് ദുരിതവും
പുല്‍പ്പള്ളി: മഴക്കാലം പാളക്കൊല്ലി കോളനിക്കാര്‍ക്ക് ദുരിതങ്ങളുടെ കാലമാണ്. ശക്തമായ മഴ ഉണ്ടായാല്‍ കോളനിക്ക് സമീപത്തുകൂടി ഒഴുകുന്ന കടമാന്‍ തോട് കര കവിയും. ഇതോടെ ഇവിടുത്തെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടതായും വരുന്നു. ഈയൊരു അവസ്ഥയ്ക്ക് കാരണം സമീപത്തെ ചെക്ക്ഡാമിന്റെ അശാസ്ത്രീയ നിര്‍മാണമാണ്. കോളനിയോട് ചേര്‍ന്ന ഭാഗത്താണ് ചെക്ക്ഡാമിന്റെ ഷട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കുറഞ്ഞ അളവുകളില്‍ മാത്രമെ ഇതില്‍ നിന്നും വെള്ളം പുറത്തേക്ക് പോകുകയുള്ളൂ. ഇക്കാരണത്താല്‍ ശക്തമായ മഴയില്‍ തോട് നിറയുന്നതോടെ വെള്ളം കോളനിയിലേക്കും കയറുന്നു. ഈയൊരു അവസ്ഥ കുറേ വര്‍ഷങ്ങളായി ഇവിടെ തുടരുന്നു. എന്നിട്ടും ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പഞ്ചായത്തംഗം ഷൈജന്‍ ചാലക്കല്‍ പറയുന്നു. ചെക്ക് ഡാമില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്ന ഭാഗം കുറച്ച് ദൂരേക്ക് മാറ്റിയാല്‍ കോളനിയെ വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയും. ഈയടുത്ത് ട്രൈബല്‍ വകുപ്പ് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം ആരംഭിച്ച വീടുകള്‍ പോലും തോടിനോട് ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഈ വീടുകളും കഴിഞ്ഞ ദിവസം വെള്ളത്തിനടിയിലായി.
ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ കോളനി വികസനത്തിന് പദ്ധതി തയാറാക്കിയിരുന്നു. അന്ന് കോളനി നിവാസികള്‍ ചെക്ക്ഡാം സംബന്ധിച്ച പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നിട്ടും ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ നാളിതുവരെ ആരും താല്‍പര്യമെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പാളക്കൊല്ലി കോളനിയിലെ പത്തോളം ആദിവാസി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കടമാന്‍തോട് കരകവിഞ്ഞതോടെയാണ് ഇവിടുത്തെ വീടുകളില്‍ വെള്ളം കയറിയത്.
പുല്‍പ്പള്ളി എല്‍.പി സ്‌കൂളിലേക്കും പാളക്കൊല്ലി ഗ്രാമസഭാ മന്ദിരത്തിലേക്കുമാണ് ഇവരെ മാറ്റി പാര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."