സ്ഥലം മാറ്റത്തില്‍ മനംനൊന്ത് ഡാമിലേയ്ക്ക് ചാടിയ സര്‍ക്കാര്‍ ജീവനക്കാരിയെ രക്ഷപ്പെടുത്തി
തൊടുപുഴ: സ്ഥലംമാറ്റത്തില്‍ മനംനൊന്ത ് പാലത്തിനു മുകളില്‍ നിന്ന് മലങ്കര ഡാമിലേക്ക് ചാടിയ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരിയെ രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. കുടയത്തൂര്‍ മൃഗാശുപത്രി ജീവനക്കാരി ശരംകുത്തി പെരിയാറ്റ് ബാബുവിന്റെ ഭാര്യ ഉഷയാണ് (48) ആത്മഹത്യാശ്രമം നടത്തിയത്. കഴിഞ്ഞ ദിവസം ഉഷയ്ക്ക് അടിമാലിയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയതിനുശേഷം ഇവര്‍ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഉഷയ്ക്ക് പകരം നിയമനം കിട്ടിയ ഉഷയെന്ന മറ്റൊരു ജീവനക്കാരി ഇന്നലെ ജോയിന്‍ ചെയ്യാന്‍ പുറപ്പെട്ടിരുന്നു. പരിചയക്കാരിയായ ഈ ഉഷയോട് ഇവിടെ ജോയിന്‍ ചെയ്യാന്‍ എത്തരുതെന്ന് ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ കരിമണ്ണൂരില്‍ നിന്ന് വിടുതല്‍ ഉത്തരവ് വാങ്ങി തൊടുപുഴയിലെത്തിയെന്നും മടങ്ങിപോകാനാകില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ കുടയത്തൂര്‍ മൃഗാശുപത്രിയിലെത്തി ജോയിനിങ് ഉത്തരവ് കൈമാറി. എന്നാല്‍ തന്നെ മാറ്റരുതെന്ന് ഉഷ പറഞ്ഞുകൊണ്ടേയിരുന്നു. ഡോക്ടര്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് ഉത്തരവനുരിച്ച് പുതുതായി എത്തിയ ഉഷയെ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇതിനിടെ പുറത്തിറങ്ങിയ ഉഷ ഇവിടെ നിന്ന് നടന്നു കുടയത്തൂര്‍ സെന്റ് അഗസ്റ്റിന്‍സ് പള്ളിയുടെ പിറകിലുള്ള പാലത്തില്‍ കയറി ജലാശയത്തിലേക്ക് ചാടുകയായിരുന്നു.
ഇതുകണ്ടുകൊണ്ടിരുന്ന തെങ്ങുമ്പള്ളി ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന മധു പിന്നാലെ ചാടി പിടിച്ചുകയറ്റി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."