ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവിലിട്ട യുവതി മോചിതയായി
തൃശൂര്‍: ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ മംഗലാപുരത്തെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച യുവതി മോചിതയായി. രണ്ട് വര്‍ഷത്തോളം ആര്‍.എസ.്എസ് കേന്ദ്രത്തില്‍ പീഡനത്തിന് ഇരയായ തൃശൂര്‍ ജില്ലയിലെ അരിയന്നൂര്‍ സ്വദേശിനിയായ അഞ്ജലി പ്രകാശാണ് മോചിതയായത്.
ആര്‍.എസ്.എസ് കേന്ദ്രത്തില്‍ നിന്ന് പൊലിസ് മോചിപ്പിച്ച് മംഗലാപുരത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരുന്ന അഞ്ജലിയെ ഇന്നലെ കേരളത്തിലെത്തിച്ചു. അഞ്ജലിയുടെ അമ്മാവന്‍ രഘുനന്ദനും അമ്മായി കാര്‍ത്യായനിയും നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്തിക്കാന്‍ സഹായിച്ചത്. ആര്‍.എസ.്എസ് കേന്ദ്രത്തില്‍ തടവില്‍ കഴിയുകയായിരുന്ന അഞ്ജലിയെ പൊലിസ് മോചിപ്പിച്ച് മംഗലാപുരത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. കേരളത്തില്‍ ഇത് സംബന്ധിച്ച് കേസുകളൊന്നും ഇല്ലാത്തതിനാല്‍ മംഗലാപുരം കോടതി കേരളത്തിലേക്ക് അയക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് യുവതിയുടെ അമ്മാവന്‍ ഇടപെട്ട് കോടതിയെ സമീപിച്ചത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാജസിംഹന്‍, മംഗലാപുരം അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ കോടതിയിലെ അഭിഭാഷകന്‍ അഡ്വ. ആസിഫ് എന്നിവര്‍ യുവതിക്ക് വേണ്ടി ഹാജരായി. ഇന്നലെ മോചിതയായ യുവതി അമ്മാവനും ബന്ധുക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് തിരിച്ചു.
മെയ് നാലിനാണ് തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കള്‍ക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വര്‍ഷമായി ആര്‍.എസ്.എസ്.ബിജെപി നേതാക്കളുടെ നിയന്ത്രണത്തില്‍ വീട്ടുകാര്‍ പലയിടത്തായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ വീഡിയോ സന്ദേശം. പീഡനത്തെ സംബന്ധിച്ച് മംഗലാപുരത്തെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് സാഹസികമായാണ് വീഡിയോ പകര്‍ത്തിയത്. മംഗലാപുരം കോടതിയുടെ നിര്‍ദ്ദേശപ്രകാരം യുവതിയെ പിന്നീട് മഹിളാമന്ദിരത്തിലേക്ക് മാറ്റി.
അച്ഛന്റെ പരിചയക്കാരനുമായുള്ള പ്രണയത്തെ അച്ഛന്റെ മരണത്തോടെയാണ് വീട്ടുകാര്‍ എതിര്‍ത്തത്. പ്രണയം വീട്ടിലറിഞ്ഞതോടെ ആദ്യം തൃശൂരിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പിന്നീട് അമൃത ആശുപത്രിയില്‍ നിന്ന് മാനസികരോഗിയെന്ന് സര്‍ട്ടിഫിക്കറ്റുണ്ടാക്കി. പീന്നീട് വിവിധയിടങ്ങളിലെ രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. മാസങ്ങളായി നടക്കുന്ന ക്രൂര പീഡനത്തില്‍ നിന്ന് തന്നെ രക്ഷിക്കണമെന്ന് യുവതി അച്ഛന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു. അമ്മയോടുള്ള ദേഷ്യം തന്നോട് കാണിക്കരുതെന്നും അച്ഛന്റെ ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ യുവതി ആവശ്യപ്പെട്ടിരുന്നു.
മംഗലാപുരത്തെ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് കേരള ഡിജിപിയെ ഫോണില്‍ വിളിച്ചാണ് അഞ്ജലി ആദ്യം സഹായം തേടിയത്. കാമുകന്‍ രഹസ്യമായി എത്തിച്ചു നല്‍കിയ സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു വിളിച്ചത്. തുടര്‍ന്ന് കേരള ഡിജിപി കര്‍ണാടക പൊലിസിനെ വിവരമറിയിച്ചു. കര്‍ണാടക ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം മംഗലാപുരം സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തില്‍ യുവതിയെ തടങ്കലില്‍ പാര്‍പ്പിച്ച സ്ഥലം പോലിസ് കണ്ടെത്തി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ മംഗലാപുരം വനിതാ പോലിസ് അമ്മക്കെതിരെ കേസ് എടുത്തു കോടതിയില്‍ ഹാജരാക്കി. മകള്‍ മാനസിക രോഗിയാണെന്ന നിലപാട് അമ്മ കോടതിയില്‍ ആവര്‍ത്തിച്ചു.
പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അമ്മക്ക് ജാമ്യം അനുവദിച്ചു. എന്നാല്‍ അമ്മക്കൊപ്പം പോകില്ലെന്ന് യുവതി ഉറച്ച നിലപാടെടുത്തു. ഇതോടെ കോടതി അഞ്ജലിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."