ലോകകപ്പ് യോഗ്യത: സ്പെയിന്, ഇറ്റലി, ക്രൊയേഷ്യ ടീമുകള്‍ക്ക് വിജയം
മിലാന്: രാജ്യാന്തര ഫുട്ബോളില്‍ 1000ാം മത്സരത്തിനിറങ്ങിയ ഇറ്റാലിയന്‍ നായകന് ജിയാന്‍ലൂജി ബുഫണിനു വിജയത്തിളക്കം. അല്‍ബേനിയക്കെതിരായ ലോകകപ്പ് യോഗ്യതക്കായുള്ള യൂറോപ്യന്‍ മേഖലാ പോരാട്ടത്തില്‍ ഇറ്റലി മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാംപ്യന്മാരായ സ്പെയിന് ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് ഇസ്റാഈലിനെ പരാജയപ്പെടുത്തി. മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ 1-0ത്തിനു ഉക്രൈനേയും ഐസ്ലന്ഡ് 2-1നു കൊസോവയേയും മാഴ്സഡോണിയ 3-0ത്തിനു ലിചെന്സ്റ്റെയിനേയും സെര്‍ബിയ 3-1നു ജോര്‍ജിയയേയും തുര്‍കി 2-0ത്തിനു ഫിന്‍ലന്‍ഡിനേയും പരാജയപ്പെടുത്തി. വെയ്ല്‍സ്- റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്‍ഡ് പോരാട്ടം ഗോള്‍രഹിത സമനില.
ഇരു പകുതികളിലായാണു ഇറ്റലി രണ്ടു ഗോളുകള്‍ നേടിയത്. കളിയുടെ 12ാം മിനുട്ടില്‍ ഡി റോസ്സിയും 80ാം മിനുട്ടില്‍ ഇമ്മോബിലും അസൂറികള്‍ക്കായി വല ചലിപ്പിച്ചു. രാജ്യത്തിനായി 168ാം മത്സരവും മൊത്തം 1000 അന്താരാഷ്ട്ര മത്സരങ്ങളും പൂര്‍ത്തിയാക്കി ബുഫണ് അപൂര്‍വമായൊരു നാഴികക്കല്ലാണു പിന്നിട്ടത്.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരട്ട ഗോളുകള്‍ വലയിലാക്കിയാണു സ്പെയിന് ഇസ്റാഈലിനെ കീഴടക്കിയത്. 14ാം മിനുട്ടില്‍ ഡേവിഡ് സില്‍വ, 45ാം മിനുട്ടില്‍ വിറ്റോലോ, 51ാം മിനുട്ടില്‍ ഡീഗോ കോസ്റ്റ, 88ാം മിനുട്ടില്‍ ഇസ്ക്കോ എന്നിവരാണു സ്പെയിനിനായി വല ചലിപ്പിച്ചത്. 76ാം മിനുട്ടില്‍ ഇസ്റാഈല്‍ ആശ്വാസ ഗോള്‍ നേടി.
ന്യൂയോര്‍ക്ക്: ലോകകപ്പ് യോഗ്യതക്കായുള്ള കോണ്‍കാകാഫ് മേഖലാ പോരാട്ടങ്ങളില്‍ മെക്സിക്കോ, അമേരിക്ക, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ ടീമുകള്‍ക്കു വിജയം. അമേരിക്ക മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ വീഴ്ത്തിയപ്പോള്‍ മെക്സിക്കോ 2-0ത്തിനു കോസ്റ്റ റിക്കയേയും ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ 1-0ത്തിനു പനാമയേയും കീഴടക്കി.
സൂപ്പര്‍ താരം ക്ലിന്റ് ഡെംപ്സിയുടെ ഹാട്രിക്ക് ഗോളുകളാണു അമേരിക്കക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
ഓഷ്യാനിയ മേഖലാ പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഫിജിയെ പരാജയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."