ഗ്രാമീണ മേഖലകളിലെ റോഡുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
മുണ്ടൂര്‍ : ടാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിര്‍ദേശം ഗ്രാമീണ റോഡ് വികസന പ്രവര്‍ത്തികള്‍ പ്രതിസന്ധിയിലാക്കുന്നു.
നിര്‍വഹണ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള വടംവലിയില്‍ റോഡുകളുടെ നിര്‍മാണത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലെ ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മിക്കയിടങ്ങളിലും ടാറുപയോഗിച്ചുള്ള റോഡ് നിര്‍മാണം പേരിനുപോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ചെറു കിട റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വടംവലിയില്‍ കുരുങ്ങി കിടക്കുന്നത്. റോഡ് നിര്‍മാണത്തിനാവശ്യമായ ടാറുകള്‍ പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്യണമെന്ന് കരാറുകാരും, കരാറുകാര്‍ നേരിട്ട് വാങ്ങണമെന്ന് അധികൃതരുടെയും പിടിവാശിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. മുന്‍കാലങ്ങളില്‍ കരാറുകാര്‍ക്ക് ഇഷ്ടമുള്ളയിടത്ത് നിന്ന് ടാര്‍ യഥേഷ്ടം വാങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
എന്നാല്‍ സര്‍ക്കാറിന്റെ പുതിയ ഉത്തരവ് പ്രകാരം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ഐ.ഒ.സി) നിന്നും വാങ്ങണമെന്നും, കൂടാതെ കോര്‍പ്പറേഷന്‍ നല്‍കുന്ന ബില്ല് ഹാജരാക്കണമെന്ന പുതിയ നിബന്ധനയാണ് ഇപ്പോള്‍ കരാറുകാര്‍ക്ക് വിനയായിരിക്കുന്നത്.
30 ലക്ഷം രൂപവരെയുള്ള ടാര്‍ ഉപയോഗിച്ചുള്ള റോഡുകള്‍ക്ക് അതാത് പഞ്ചായത്തുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ വാങ്ങികൊടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. എന്നാല്‍ മിക്ക പഞ്ചായത്തുകളും ഈ നിര്‍ദേശം നടപ്പാക്കാന്‍ തയ്യാറാവുന്നില്ല. പകരം കരാറുകാര്‍ നേരിട്ട് തന്നെ ടാര്‍ ലഭ്യമാക്കണമെന്നാണ് അധികൃതരുടെ നിലപാട്. കുറഞ്ഞ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ആവശ്യമായ ടാറുകള്‍ ഐ.ഒ.സിയില്‍ നിന്ന് നേരിട്ട് കൊണ്ടുവരികയെന്നത് പ്രായോഗികമല്ലെന്ന് കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പദ്ധതി നിര്‍വഹണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ പോലും മിക്കയിടത്തും പൂര്‍ത്തിയാക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പദ്ധതി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോടികളുടെ ഫണ്ട് ചെലവഴിക്കാനാവാതെ ജനപ്രതിനിധികളും നിര്‍വഹണ ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."