തെക്കുംകര പഞ്ചായത്ത് ഇനി സുസ്ഥിര വ്യവസായ ഗ്രാമം: ഉദ്ഘാടനം 27ന്
വടക്കാഞ്ചേരി : തെക്കുംകര പഞ്ചായത്ത് ഇനി സുസ്ഥിര വ്യവസായഗ്രാമം. എല്ലാവര്‍ക്കും സ്വയം തൊഴിലും സാമ്പത്തിക ഭദ്രതയും ലക്ഷ്യം വെച്ചു പഞ്ചായത്തിന്റെയും വ്യവസായ വകുപ്പിനേയും സംയുക്താഭിമുഖ്യത്തിലാണു സ്വപ്ന പദ്ധതി നടപ്പിലാക്കുന്നതെന്നു തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നമ്മുടെ വിഭവങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി അവയെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി ചെറുതും ഇടത്തരവുമായ വ്യവസായ സംരഭങ്ങള്‍ ആരംഭിക്കും. വീടുകളിലിരുന്നും അല്ലാതേയും ഒറ്റയ്ക്കും സംഘമായും ചെയ്യാന്‍ സാധിക്കുന്ന ചെറുകിട വ്യവസായങ്ങള്‍ വാഴനാര് തുടങ്ങിയ ഇതര ഉല്‍പന്നങ്ങള്‍, മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി, കൂണ്‍കൃഷി, മുളയില്‍ നിന്നുള്ള വിവിധ ഫാന്‍സി ഉല്‍പന്നങ്ങള്‍, തേനീച്ച വളര്‍ത്തല്‍, ചകിരി ഉല്‍പന്നങ്ങള്‍, പഴസംസ്‌കരണം, ഗാര്‍മെന്റ്‌സ്, മത്സ്യ കൃഷി , ആടുവളര്‍ത്തല്‍, ആട്ടിന്‍ പാല്‍, മുട്ട കോഴി, ഔഷധകൃഷി, ജൈവ മട്ട അരി, സിമന്റ് ഉല്‍പന്നങ്ങള്‍, എന്‍ജിനിയറിങ് വര്‍ക്ക് ഷോപ്പ് ആരംഭിക്കും.
കേന്ദ്ര സംസ്ഥാന ആവിഷ്‌കൃത പദ്ധതികളും ബ്ലോക്ക് ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികളും സംയോജിപ്പിച്ചു കൊണ്ടാണു പദ്ധതി നടപ്പിലാക്കുന്നത്. സുസ്ഥിര വാണിജ്യ വ്യാവസായിക ഗ്രാമത്തിന്റെ ഉദ്ഘാടനം 27 നു രാവിലെ 9.30 നു പുന്നംപറമ്പ് മച്ചാട് ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വച്ചു മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിക്കും.
അനില്‍ അക്കര എം.എല്‍.എ അധ്യക്ഷനാവും. ഡോ.പി.കെ ബിജു എം.പി മുഖ്യാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കലക്ടര്‍ ഡോ.എ.കൗശികന്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി സുനില്‍കുമാര്‍, പദ്ധതി കോഡിനേറ്റര്‍ എ.കെ സുരേന്ദ്രന്‍, മോണിറ്ററിങ് കമ്മിറ്റി ഉപാധ്യക്ഷന്‍ കെ.എന്‍ രാജന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.എന്‍ ശശി, പഞ്ചായത്ത് അംഗം പി.ജെ രാജു എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."