കുറുമാലിപ്പുഴയിലെ മനക്കല്‍കടവില്‍ കടത്ത് നിലച്ചിട്ട് രണ്ടുമാസം
വരന്തരപ്പിള്ളി : കുറുമാലിപുഴയിലെ മനക്കല്‍കടവില്‍ നിരവധി യാത്രക്കാര്‍ക്കു ആശ്രയമായ വഞ്ചികടത്താണു ഏപ്രില്‍ ഒന്നു മുതല്‍ നിര്‍ത്തലാക്കിയത്. പുഴയുടെ അക്കരെയുള്ള പിടിക്കപറമ്പ്, വെള്ളാരംപാടം,മുത്തുമല, വെള്ളാരംകുന്ന് തുടങ്ങിയ പ്രദേശത്തുള്ളവര്‍ വഞ്ചിക്കടത്തു നിലച്ചതോടെ ദുരിതത്തിലായിരിക്കുകയാണ്.
കടത്തിന്റെ കാലാവധി കഴിഞ്ഞതും പുതിയ ടെണ്ടര്‍ ക്ഷണിച്ചിട്ടും കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതുമാണു പ്രതിസന്ധിക്കു കാരണം. വരന്തരപ്പിള്ളി പഞ്ചായത്തിനാണു വഞ്ചികടത്തിന്റെ ചുമതല. ഒരു വര്‍ഷത്തേക്കാണു കടത്തു നടത്താനുള്ള കരാര്‍ നല്‍കുന്നത്. പഞ്ചായത്ത് മാസം നല്‍കുന്ന ആറായിരം രൂപയും യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന ചില്ലറയുമാണു കടത്തുകാരന്റെ വരുമാനം.
പഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ തുകകൊണ്ടു കടത്തു നടത്തികൊണ്ടുപോകാന്‍ കഴിയാതെ വരുന്നതാണു പുതിയ കരാര്‍ ഏറ്റെടുക്കാന്‍ ആളില്ലാത്തതിന്റെ പ്രധാന കാരണം. വഞ്ചി വാടകക്കെടുത്താണു കാലങ്ങളായി കടത്ത് നടത്തിയിരുന്നത്. ഓരോ വര്‍ഷവും ചിലവു വര്‍ധിക്കുകയും അതിനു ആനുപാതികമായി കടത്ത് നടത്തുന്നതിനുള്ള കരാര്‍ തുക വര്‍ധിപ്പിച്ചു നല്‍കാന്‍ പഞ്ചായത്ത് തയാറാകാത്തതുമാണു പ്രശ്‌നത്തിനു കാരണം.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുതിയ ടെണ്ടര്‍ ക്ഷണിച്ചെങ്കിലും കാലാനുസൃതമായ വര്‍ധനവ് ഇല്ലാത്തതുമൂലം കരാറുകാര്‍ വിട്ടു നില്‍ക്കുകയായിരുന്നു. പ്രതിസന്ധി തരണം ചെയ്യുന്നതില്‍ പഞ്ചായത്തിന് വീഴ്ച പറ്റിയതായും ആരോപണമുണ്ട്. ഇതിനിടെ കടത്തു നഷ്ടത്തിലായതിനെ തുടര്‍ന്നു കരാറുകാരന്‍ വാങ്ങിയ വഞ്ചി വില്‍പന നടത്തിയതായും പറയുന്നു. ഇനി കടത്തു നടത്തണമെങ്കില്‍ കരാര്‍ തുക വര്‍ധിപ്പിച്ചു നല്‍കുന്നതിനു പുറമെ വഞ്ചി എത്തിച്ചു നല്‍കേണ്ട ഉത്തരവാദിത്തവും പഞ്ചായത്തിനായിരിക്കുകയാണ്. കടത്തു നിലച്ചതോടെ നാട്ടുകാര്‍ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞാണു വരന്തരപ്പിള്ളിയില്‍ എത്തുന്നത്.
വഞ്ചികടത്ത് നിര്‍ത്തിയതോടെ സമയനഷ്ടവും പണചെലവും ഏറിവന്നതായി പ്രദേശവാസിയായ യാത്രക്കാരന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വഞ്ചികടത്ത് ആരംഭിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാര്‍ഥികളും ദുരിതമനുഭവിക്കേണ്ടിവരും. പ്രശ്‌നത്തിനു പരിഹാരം കാണുന്നതിനായി ഒരാഴ്ച മുന്‍പ് പഞ്ചായത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ സമീപത്തുള്ള തോട്ടുമുഖം കടവിലെ താല്‍ക്കാലിക മണ്‍ചിറ തകരുകയും ചിറയിലൂടെ പോയിരുന്നവരും വഞ്ചിക്കടത്തിനെ ആശ്രയിക്കേണ്ടിവരും.
മഴ ശക്തമാകുന്നതോടെ കച്ചേരിക്കടവ് പാലത്തിനായി നിര്‍മിച്ച താല്‍ക്കാലിക അപ്രോച്ച് റോഡും ചെളികുണ്ടായി മാറാന്‍ സാധ്യതയുണ്ട്. പാലം കടന്നു പോയിരുന്നവര്‍ക്കും പിന്നീടു മനക്കല്‍കടവിനെയാണു ആശ്രയിക്കേണ്ടി വരുന്നത്. അധികൃതര്‍ ഇടപെട്ട് വഞ്ചിക്കടത്ത് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ എടുക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."