ബെമല്‍ സ്വകാര്യ വല്‍ക്കരണത്തിലൂടെ നഷ്ടമാവുന്നത് 400ഓളം ഏക്കര്‍ ഭൂമി
കഞ്ചിക്കോട് : ജില്ലയുടെ തന്നെ അഭിമാനമായ മിനിരത്‌ന പൊതുമേഖലാ സ്ഥാപനം ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍) സ്വകാര്യവത്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നഷ്ടപ്പെടുക 375 ഏക്കര്‍. സംസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ഊര്‍ജം പ്രതീക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ കഞ്ചിക്കോട് വൈസ് പാര്‍ക്കില്‍ ബെമലിന് നല്‍കിയ 375 ഏക്കര്‍ സ്ഥലമാണ് സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിലേക്ക് പോകുന്നത്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് 2010-ല്‍ കഞ്ചിക്കോട് പാററോഡില്‍ ബെമല്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്നത്. 2010 ലാണ് ഈ സ്ഥലം ബെമലിന് കൈമാറിയത്. എന്നാല്‍ 54 ശതമാനം കേന്ദ്രസര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തമുള്ള കമ്പനിയിലെ 26 ശതമാനം ഓഹരികള്‍ വില്‍ക്കുന്നതോടെ കമ്പനിയുടെ നിയന്ത്രണം സ്വകാര്യ കമ്പനികള്‍ക്കാകും. പൊതുമേഖലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സ്ഥലമാകട്ടെ സ്വകാര്യ മേഖലയിലേക്ക് മാറുമ്പോള്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ ആവുകയില്ല. ഓഹരി വില്‍പനയോ കമ്പനിയുടെ ഉടമസ്ഥതയുടെ സ്വഭാവം മാറുന്നതോ ഇതുവരെ ഔദ്യോഗികമായി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നില്ല.
ബെമലിന്റെ രണ്ടാംഘട്ട വികസനത്തിനായി 2012-ല്‍ തന്നെ 600 -ഓളം ഏക്കര്‍ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കമ്പനി സ്വകാര്യമേഖലയിലേക്ക് പോകുന്നതോടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഏറെ കുറെ കടലാസ്സിലൊതുങ്ങുന്നു. മാത്രമല്ല പേരിന് മാത്രം കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്തമായാല്‍ ഇത്തരമൊരു കമ്പനിക്ക് സംസ്ഥാനസര്‍ക്കാര്‍ സൗജന്യമായി ഭൂമി ഏറ്റെടുത്ത് നല്‍കുക എന്നതും എളുപ്പമല്ല. സെന്റിന് ഒന്നരലക്ഷത്തോളം വിലയുള്ള പ്രദേശമാണ് ഇവിടമെന്നതിനാല്‍ 375 ഓളം ഏക്കര്‍ ഭൂമിക്ക് ഏകദേശം 600 കോടിയോളം വിപണി വില വരുമെന്നാണ് കണക്ക്. രണ്ടാംഘട്ട വികസനത്തിനായുള്ള ഭൂമി കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങാനിരുന്നതാണ്. ദീര്‍ഘകാല പാട്ടവ്യവസ്ഥയിലാണെങ്കിലും ഇത്രയും വിലപിടിപ്പുള്ള ഭൂമിയുടെ നിയന്ത്രണാവകാശം പൂര്‍ണമായും സ്വകാര്യമേഖലയിലേക്കാണ് പോകുന്നത്. ചുരുക്കത്തില്‍ സര്‍ക്കാര്‍ സ്ഥലം സ്വകാര്യ കമ്പനിക്ക് ലഭിക്കുന്ന സാഹചര്യമാണ് വരുന്നത്. സ്ഥലവിലയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനസര്‍ക്കാരിന് ആവശ്യപ്പെടാനാവുമോയെന്ന കാര്യങ്ങള്‍ പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാവുകയാണ്.
പൊതുമേഖലയില്‍ നിന്ന് ബെമല്‍ കമ്പനി അപ്രത്യക്ഷമാവുന്നതോടെ ജീവനക്കാരുടെ തൊഴില്‍ സുരക്ഷിതത്വവും നിയമനങ്ങളിലെ സംവരണവുമൊക്കെ പാടെ ഇല്ലാതാകും. 2014-2015 കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 235 കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ 2,82634 കോടി ലാഭം നേടിയിട്ടുണ്ട്. ഇതില്‍ കേന്ദ്രസര്‍ക്കാരിന് 56527 കോടി ഡിവിഡന്റും 47220 കോടി നികുതിയായും ലഭിച്ചിട്ടുണ്ട്. 2016 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ബെമല്‍ ഉള്‍പടെയുള്ള കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങള്‍ 30 ശതമാനം ഡിവിഡന്റ് നല്‍കണമെന്നാണ് നിയമം. ഇങ്ങനെയാണെങ്കില്‍ പ്രതിവര്‍ഷം 80,000 കോടി കേന്ദ്രസര്‍ക്കാരിന് ലഭിക്കുന്നതാണ്. ബെമലിന്റെ ഉള്‍പടെ കമ്പനിയുടെ യഥാര്‍ത്ഥമൂല്യത്തിന്റെ തുലോം കുറവാണ് ഇപ്പോള്‍ ഓഹരി വിറ്റഴിക്കുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. ബെമല്‍ സ്വകാര്യ വല്‍ക്കരണത്തിലൂടെ തന്നെ രാജ്യത്തിന് അഭിമാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ്. എന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് 375 ഓളം ഏക്കര്‍ ഭൂമിയും നഷ്ടമാവുന്ന സ്ഥിതിവിശേഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."