കൂട്ടസ്ഥലംമാറ്റത്തിനെതിരേ പ്രതിപക്ഷ പ്രതിഷേധം; ചട്ടപ്രകാരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടസ്ഥലംമാറ്റം നടക്കുന്നതായി പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. ഭരണകക്ഷി യൂനിയന്റെ നിര്‍ദേശപ്രകാരം എതിര്‍ രാഷ്ട്രീയകക്ഷിയിലുള്ള ജീവനക്കാരെ ചട്ടങ്ങള്‍ലംഘിച്ചു വിദൂരസ്ഥലങ്ങളിലേക്കു സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പി.ടി.തോമസ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയിരുന്നു. ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന സ്ഥലംമാറ്റ നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്തിരിയണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു. കാന്‍സര്‍ രോഗികളും വൃക്ക രോഗികളും വികലാംഗരും പട്ടികജാതിക്കാരുമുള്‍പ്പെടെയുള്ളവരെ സ്ഥലംമാറ്റി. ഇപ്പോള്‍ സ്ഥലംമാറ്റപ്പെട്ടവര്‍ക്കു പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാനുള്ള അവസരവും നഷ്ടമായി. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ചട്ടപ്രകാരമുള്ള സ്ഥലംമാറ്റങ്ങള്‍ മാത്രമേ നടക്കുന്നുള്ളൂവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. നേരത്തേ നടപ്പാക്കേണ്ടിയിരുന്ന സ്ഥലംമാറ്റങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നീണ്ടുപോകുകയായിരുന്നുവെന്നും പിണറായി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി നിരവധി സ്ഥലംമാറ്റങ്ങള്‍ നടന്നിരുന്നു. പ്രതിപക്ഷം അതു ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ അന്നത്തെ സര്‍ക്കാര്‍ തയാറായില്ലെന്നും പിണറായി ആരോപിച്ചു. തന്റെ സര്‍ക്കാര്‍ ജീവനക്കാരെ ഒരു കണ്ണുകൊണ്ടാണു കാണുന്നത്. റിട്ടയര്‍മെന്റ് ഉള്‍പ്പെടെയുള്ള ഒഴിവുകളിലേക്കാണ് ഇപ്പോള്‍ സ്ഥലംമാറ്റം നടന്നത്. സെക്രട്ടേറിയറ്റില്‍ അന്‍പതില്‍ താഴെ പേരെ മാത്രമാണ് സ്ഥലംമാറ്റിയിട്ടുള്ളത്. ഇതുള്‍പ്പെടെ മറ്റ് ഓഫിസുകളിലേയും സ്ഥലംമാറ്റങ്ങളില്‍ അപാകതയുണ്ടെങ്കില്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കുമെന്നും പിണറായി പറഞ്ഞു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പിണറായി വ്യക്തമാക്കി.
രാഷ്ട്രീയപ്രേരിതവും പ്രതികാര നടപടികള്‍ ഉദ്ദേശിച്ചുള്ളതുമാണു സംസ്ഥാനത്തു നടന്ന കൂട്ടസ്ഥലംമാറ്റങ്ങളെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ സര്‍ക്കാരിനു മുന്നോട്ടു പോകാനാകില്ലെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്‌ക്കെടുത്ത് വാക്കൗട്ട് നടത്താതെ സഭാനടപടികളുമായി സഹകരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."