'നവകേരളം 2018' രുചിപെരുമയുമായി പത്തോളം ഫുഡ്‌കോര്‍ട്ടുകള്‍
പാലക്കാട് : ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന നവകേരളം 2018 പ്രദര്‍ശന വിപണന മേളയില്‍ സജ്ജമാക്കിയിട്ടുളള ഫുഡ് കോര്‍ട്ടുകളില്‍ എരുവ് കുറഞ്ഞ ബാംഗ്ലൂര്‍ മുളക് ബജി രുചിക്കാന്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെട്ട ജനസാഗരം. കടലമാവ് ഉള്‍പ്പെട്ട സാധാരണ കൂട്ടാണെങ്കിലും എരിവില്ല എന്ന ഒരൊറ്റ കാരണം കൊണ്ടാകാം നവകേരളം 2018-ലെ ഫുഡ്‌കോര്‍ട്ടിലെ താരം ഇപ്പോള്‍ തെരുനെല്‍വേലി സ്വദേശികള്‍ തയ്യാറാക്കുന്ന ബാംഗ്ലൂര്‍ മുളക് ബജിയാണ്.
വാളംപുളിയുടെ ചട്‌നി കൂട്ടി കഴിക്കുമ്പോള്‍ രുചിപെരുമയില്‍ ഇവന്‍ ഭല്ലേ ഭേഷ്.. ഈ പേരെങ്ങനെ കിട്ടി എന്നു ചോദിച്ചാല്‍..പ്രത്യേകിച്ച് ഒന്നുമില്ല ഊട്ടി, ബംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന മുളകാണ് ബജിയുണ്ടാക്കാന്‍ എന്നാണ് ഫുഡ്‌കോര്‍ട്ടുടമകള്‍ പറയുന്നത്. സ്‌പെഷ്യല്‍ മഷ്‌റൂം കാളനാണ് രണ്ടാമത്തെ താരം. നാടന്‍ കൂണ്‍ വിവിധതരം മസാല കൂട്ടുകളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നതാണ് സ്‌പെഷ്യല്‍ മഷ്‌റൂം കാളന്‍. രുചിയുമുണ്ട്...ഗുണവുമുണ്ട്. ഇഞ്ചി, കുരുമുളക്, ....തുടങ്ങിയവ തൈരുമായി സംയോജിപ്പിച്ച് സോഡയുമായി സംയോജിപ്പിച്ചുളള മിശ്രിതമാണ് മസാല സോഡ. ബര്‍ക്കി, ചിപ്പ്‌സ്, ശര്‍ക്കര ഉപ്പേരി', ചക്കവറ്റില്‍, കയ്പക്ക ചിപ്‌സ്, കരിമ്പ് ജ്യൂസ്, കോളിഫ്‌ളവര്‍ ചില്ലി, മസാല പൂരി, പാനി പൂരി, ബേല്‍ പൂരി, , മസാല സോഡ, മധുര ചോളം എന്നിവയും ബാംഗ്ലൂര്‍ മുളക് ബജിക്കും സ്‌പെഷ്യല്‍ മഷ്‌റൂം കാളനും മസാല സോഡയ്ക്കുമൊപ്പം സഹതാര നിരയിലുണ്ട്.
കുടുംബശ്രീയ്ക്കു പുറമെ സ്വകാര്യവ്യക്തികളുടെ ഉള്‍പ്പെടെ 10-ഓളം ഫുഡ്‌കോര്‍ട്ടുകളിലാണ് സ്വാദിഷ്ടമായ വിഭവങ്ങള്‍ രുചിക്കാനവസരം.
അട്ടപ്പാടി ആദിവാസി ഗോത്ര വിഭവങ്ങളും കടല്‍-കായല്‍ വിഭവങ്ങളും ഔദ്യോഗിക ഫലം ചക്ക കൊണ്ടുള്ള പായസം മുതല്‍ ചക്ക കട്‌ലറ്റ് വരെയുള്ള സ്വാദുകളും മേളയിലുണ്ട്. നെന്മാറ മേലാര്‍ക്കാട് കുടുംബശ്രീ യൂനിറ്റാണ് കടല്‍-കായല്‍ വിഭവങ്ങളുടെ പ്രത്യേക സ്റ്റാള്‍ ഒരുക്കിയത്.
കൂന്തല്‍ റോസ്റ്റ്, മീന്‍ കട്‌ലറ്റ്, ചെമ്മീന്‍ റോസ്റ്റ്, ബീഫ് റോസ്റ്റ്, പത്തിരി, കപ്പ-മത്തിക്കറി എന്നിവക്ക് പുറമെ ചിക്കന്‍ ബിരിയാണിയും രുചി പെരുമ കൂട്ടുന്നുണ്ട്. അട്ടപ്പാടിയിലെ കുടുംബശ്രീ യൂനിറ്റാണ് പ്രാചീന ഗോത്ര വിഭവങ്ങളുമായി എത്തിയിട്ടുള്ളത്. ഗോത്ര വിഭാഗ ഭക്ഷണത്തില്‍ ഏവര്‍ക്കും പ്രിയം വനസുന്ദരിയോടാണ്. കുരുമുളകും കാന്താരിയും ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചത് മേളയില്‍ ശ്രദ്ധയാര്‍ജ്ജിച്ചു.
ഇതു കൂടാതെ വ്യത്യസ്ത ഗോത്ര ധാന്യങ്ങളുടെ പായസവും സ്റ്റാളില്‍ ഉണ്ട്. ചാമയരി പായസം, മുളയരി പായസം, തിന പായസം എന്നിവയുടെ സാന്നിധ്യവുമുണ്ട്. റാഗി പഴപൊരിയും സ്റ്റാളിലെ സവിശേഷ പലഹാരമാണ്.രാമശ്ശേരി ഇഡ്ഢലി മുതല്‍ ചിക്കന്‍-ചെമ്മീന്‍ ദോശ വരെ ഒരുക്കി ദോശ സ്റ്റാളും മേളയിലുണ്ട്. നെയ്‌റോസ്റ്റ്, മസാല റോസ്റ്റ്, ഒനിയന്‍ റോസ്റ്റ്, ചിക്കന്‍ ദോശ, ചെമ്മീന്‍ ദോശ എന്നിവയാണ് ദോശ സ്റ്റാളിലെ ആകര്‍ഷമായ വിഭവങ്ങള്‍.
ചക്കയുടെ നിരവധി വിഭവങ്ങളാണ് പീപ്പിള്‍ സര്‍വീസ് സൊസൈറ്റി എന്‍.ജി.ഒയായ ജാക്‌സോ ഒരുക്കിട്ടുള്ളത്. ചക്ക പായസം, ചക്ക ഐസ് ക്രീം, ചക്ക ബോണ്ട, ചക്ക വട, ചക്ക ഉണ്ണിയപ്പം, ചക്കക്കുരു പായസം, ചക്ക ബോളി, ചക്ക കട്‌ലറ്റ്, ചക്ക ചില്ലി തുടങ്ങിയ ബഹുവിധ പലഹാരങ്ങളും മേളയിലെ മറ്റൊരു സവിശേഷതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."