മൗസിലിലെ യു.എസ് ആക്രമണത്തില്‍ 200 പേര് കൊല്ലപ്പെട്ടെന്ന് യു.എന്‍
ബഗ്ദാദ്: ഇറാഖിലെ മൗസിലില്‍ 200 പേര് യു.എസ് വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ടെന്ന് മുതിര്‍ന്ന ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥ. ജനവാസ കേന്ദ്രമായ മൗസിലില്‍ കനത്ത വ്യോമാക്രമണമാണ് നടക്കുന്നത്. ഐ.എസ് നിയന്ത്രണത്തിലായിരുന്ന നഗരമാണിത്. യു.എസ് ഈയിടെ പള്ളിക്ക് നേരെയും ആക്രമണം നടത്തിയിരുന്നു. ഇതേകുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് യു.എസ് വിശദീകരണം.
നിരവധി തദ്ദേശവാസികള്‍ ഉള്‍പ്പെടെ 200 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടതെന്ന് കുര്‍ദിഷ് വാര്‍ത്താ വെബ്സൈറ്റ് റുദാവ് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏതാനും ഐ.എസുകാരും ഉള്‍പ്പെടും. പടിഞ്ഞാറന്‍ ജദീദയില്‍ നടന്ന വ്യോമാക്രമണത്തില്‍ 130 പേരും പിന്നീട് നടത്തിയ മറ്റൊരു ആക്രമണത്തില്‍ 100 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ യഥാര്‍ഥ കണക്ക് പുറത്തുവന്നിട്ടില്ല.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ 100 ലേറെ പേരുടെ മൃതദേഹങ്ങള്‍ കണ്ടതായി ദൃസാക്ഷി മുന പറഞ്ഞു. ഈ മാസം ആദ്യമാണ് ആക്രമണങ്ങളിലേറെയും നടന്നത്. മൗസിലില്‍ നിന്ന് 1.8 ലക്ഷം പേര് പലായനം ചെയ്തുവെന്നാണ് കണക്ക്. ഈമാസം 17 നും 23 നും ഇടയില്‍ മൗസിലില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ തദ്ദേശവാസികളും ഉള്‍പ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈന്യം ഇതേകുറിച്ച് അന്വേഷണം തുടങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2014 ല്‍ ഐ.എസ് നിലവില്‍ വന്നതുമുതല്‍ ഇറാഖിലെ അവരുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മൗസില്‍. 2000 ഭീകരര്‍ ഇപ്പോഴും മൗസിലിലുണ്ടെന്നാണ് സൈന്യത്തിന്റ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."