കഞ്ചിക്കോട്ടെ മലിനീകരണ ഫാക്ടറികള്‍ക്കെതിരേ സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ്
പാലക്കാട്: പുതുശ്ശേരി ഗ്രാമപഞ്ചായത്തിലെ ജനവാസ കേന്ദ്രമായ കഞ്ചിക്കോട് പ്രീകോട്ട് മില്‍ കോളനിയില്‍ രണ്ട് ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന പാരഗണ്‍ സ്റ്റീല്‍, എസ്.എസ്.എം.1 എന്നീ ഇരുമ്പുരുക്ക് കമ്പനികള്‍ പ്രദേശത്തു നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി ശക്തമായ സമരമുഖത്തേക്കിറങ്ങുന്നു. ഈ കമ്പനികളില്‍ രാത്രികാലങ്ങളില്‍ നടക്കുന്ന അനധികൃത പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം,വായുമലിനീകരണം, എന്നിവ പരിസരവാസികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ക്യാന്‍സര്‍,ശ്വാസം മുട്ടല്‍,ഉറക്കമില്ലായ്മ,ത്വക്ക്‌രോഗം,പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവക്ക് കാരണമാകുന്നതായും പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികള്‍ ഉന്നയിക്കുന്നു.
1995ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ കമ്പനികള്‍ നിയമലംഘനം നടത്തിയാണ് ഇത്രയും കാലം പ്രവര്‍ത്തിച്ചിരുന്നത്. ഇതേപറ്റി സര്‍ക്കാര്‍തലത്തില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മലമ്പുഴ മണ്ഡലം എം.എല്‍.എ യും ഭരണപരിഷ്‌കാര ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദനും എം.പി.രാജേഷും മറ്റു പല നേതാക്കളും ഇവിടം സന്ദര്‍ശിച്ച് കമ്പനികളുടെ പ്രവര്‍ത്തനാനുമതി ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.2016ലെ ആര്‍.ടി. രേഖകള്‍ പ്രകാരം ഈ കമ്പനികള്‍ക്ക് കറന്റ് ബില്ല് അടക്കാത്തതുമൂലം കെ.എസ്.ഇ.ബി.യില്‍ 42,62,91972 രൂപയുടെ കുടിശ്ശികയുണ്ട്. എന്നാല്‍ ഇതേ സമയം കെ.എസ്.ഇ.ബി. ഇവര്‍ക്ക് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ 4,99,42,344 രൂപ സബ്‌സിഡിയായി അനുവദിച്ചിട്ടുണ്ട്. അതുപോലെതന്നെ കമ്പനിയും ജനവാസ മേഖലയും തമ്മിലുള്ള അകലം 100 മീറ്ററെങ്കിലും വേണമെന്ന നിയമം നിലനില്‍ക്കെ ആരോഗ്യവകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ നിയമവിരുദ്ധമായി 15മീറ്റര്‍ അകലം പോലും ഇല്ലാതെയാണ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനികളില്‍ ഇവരുടെ പൂര്‍ണ്ണമായ യാതൊരു രേഖകളും ഇല്ലെന്നത് ആര്‍.ടി രേഖകള്‍ പറയുന്ന മറ്റൊരു വസ്തുത. 2017ല്‍ കമ്പനിയില്‍ വന്‍ സ്‌ഫോടനമുണ്ടായതും ജനങ്ങള്‍ക്ക് ഭീതിയുണ്ടാക്കുന്ന കാര്യമാണ്. നിലവില്‍ കടബാധ്യത മൂലം പത്തു ദിവസത്തേക്ക് അടച്ചിട്ടിരിക്കുന്ന കമ്പനികള്‍ക്ക് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നിഷേധിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി എം.വിജയകുമാര്‍,കണ്‍വീനര്‍ വികാസ് എം വി, ചെയര്‍മാന്‍ എം.രാജേഷ്, മാധവന്‍ കുട്ടി തുടങ്ങിയവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."