ട്രംപിന്റെ ആരോഗ്യ ബില്‍ പാസായില്ല
വാഷിങ്ടണ്‍: ബരാക് ഒബാമ കൊണ്ടുവന്ന ജനപ്രിയ പദ്ധതിയായ ഒബാമ കെയറിനെതിരേ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹെല്‍ത്ത് കെയര്‍ ബില്ലിനു സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തിരിച്ചടി. സെനറ്റിലും കോണ്‍ഗ്രസിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസില്‍ ബില്‍ പാസായില്ല. വെള്ളിയാഴ്ച രാത്രി (ഇന്ത്യന്‍ സമയം ഇന്നലെ പകല്‍) ആണ് ബില്‍ തള്ളിയത്. രാഷ്ട്രീയപരമായി ട്രംപ് നേരിടുന്ന വലിയ തിരിച്ചടിയാണ് സ്വന്തം പാര്‍ട്ടിയിലെ പാലം വലിക്കല്‍.
ബില്‍ പാസാക്കാനാകാത്തതിനാല്‍ തള്ളുന്നുവെന്ന് സ്പീക്കര്‍ പോള്‍ റയാന്‍ അറിയിച്ചു. ട്രംപ് ഇത് അംഗീകരിക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കര്‍ക്ക് 215 അംഗങ്ങളുടെ ഭൂരിപക്ഷമുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി ഒന്നടങ്കം എതിര്‍ത്താലും ബില്‍ പാസാകും. എന്നാല്‍ വോട്ടെടുപ്പ് ഫലം വന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ 35 അംഗങ്ങള്‍ ട്രംപിനെതിരേ രംഗത്ത് വന്നു. ഇതാണ് ബില്‍ പരാജയപ്പെടാന്‍ കാരണം. പാര്‍ട്ടിയിലെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ട്രംപ് ബില്‍ കോണ്‍ഗ്രസിന്റെ മേശപ്പുറത്ത് വച്ചത്.
ബില്ലിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് ട്രംപ് പാര്‍ട്ടി അംഗങ്ങളെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു.
ഒബാമ കെയര്‍ നിര്‍ത്തലാക്കി പകരം പദ്ധതി കൊണ്ടുവരുമെന്നായിരുന്നു ട്രംപ് തെരഞ്ഞെടുപ്പില്‍ നല്‍കിയ പ്രധാന വാഗ്്ദാനം. സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രംപ് ഒപ്പുവച്ചതും ഒബാമ കെയര്‍ റദ്ദാക്കുന്ന എക്‌സിക്യുട്ടീവ് ഉത്തരവിലാണ്.
ബില്ലില്‍ കാര്യമായ ഭേദഗതികളില്ലെന്നും ആരോഗ്യ പരിരക്ഷ പാടെ അവതാളത്തിലാക്കുന്നതാണ് ബില്ലെന്നുമാണ് എതിര്‍ത്തവരുടെ പരാതി. 17 ശതമാനം പൊതുജനങ്ങളാണ് ബില്ലിനെ അനുകൂലിച്ച് സര്‍വേകളില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
എന്നാല്‍ ബില്‍ പരാജയപ്പെട്ടതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ ട്രംപ് കുറ്റപ്പെടുത്തി. ഒബാമ കെയര്‍ തകരുമെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ പോള്‍ റയാനെ കുറ്റപ്പെടുത്താനും ട്രംപ് തയാറായില്ല. പോള്‍ നന്നായി ജോലി ചെയ്‌തെന്നും നിരവധി വിവാദ ബില്ലുകള്‍ കോണ്‍ഗ്രസില്‍ വരുമെന്നും ട്രംപ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."