വില്ലേജ് ഓഫിസ് മാത്രമല്ല, ജീവനക്കാരും സ്മാര്‍ട്ടാകണമെന്ന് മന്ത്രി ചന്ദ്രശേഖരന്‍
തൃക്കരിപ്പൂര്‍: വിവിധ ആവശ്യങ്ങളുമായി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് നല്ല പെരുമാറ്റത്തിലൂടെയും നല്ല സേവനത്തിലൂടെയും ജീവനക്കാരും സ്മാര്‍ട്ടാകണമെന്ന് റവന്യൂ, ഭവന വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. 2016-17 വര്‍ഷത്തെ പദ്ധതി ഫണ്ടില്‍ നിന്നു 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ജില്ലയിലെ ആദ്യത്തെ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 85 സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാണ് നിലവിലുള്ളത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 35 വില്ലേജ് ഓഫിസുകള്‍ സ്ഥാപിച്ചതാണ്. ബാക്കി 51 വില്ലേജുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്ഥാപിച്ചു. ഈ സര്‍ക്കാറിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 300 സ്മാര്‍ട്ട് വിലേജ് ഓഫിസുകള്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് മന്ത്രി പറഞ്ഞു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ നിര്‍മിതി കേന്ദ്രം പൊജക്ട് എന്‍ജിനിയര്‍ എം.പി കുഞ്ഞികൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍, ജില്ലാപഞ്ചായത്ത് അംഗം പി.സി സുബൈദ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുനീറ, വലിയപറമ്പ പഞ്ചായത്ത് അംഗം പി.പി ശാരദ, വലിയപറമ്പ വികസന സമിതി കണ്‍വീനര്‍ സി.വി കണ്ണന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി. നാരായണന്‍, എം. ഗംഗാധരന്‍, ഒ.കെ വിജയന്‍, കെ.കെ കുഞ്ഞബ്ദുല്ല, എം. ഭാസ്‌ക്കരന്‍, ഒ.കെ ബാലകൃഷ്ണന്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു സ്വാഗതവും ആര്‍.ഡി.ഒ ബിജു നന്ദിയും പറഞ്ഞു. വില്ലേജ് ഓഫിസിനു സ്ഥലം വിട്ടു നല്‍കിയ സലാം പള്ളിക്കണ്ടത്തിന്റെ മകള്‍, റോഡിനു സ്ഥലം വിട്ടു നല്‍കിയ പി.കെ.പി മറിയുമ്മ ഹജ്ജുമ്മ മായിന്‍ കുഞ്ഞി ഹാജി, മസാലിഹുല്‍ ഇസ്‌ലാം ജമാഅത്ത് കമ്മറ്റി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുസലാം ഹാജി എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."