കല്ലു തന്നെ കരഞ്ഞു പോകുന്ന ശിലാസ്ഥാപന ചടങ്ങുകള്‍ നടത്തുക സര്‍ക്കാര്‍ നയമല്ല: മന്ത്രി എ.സി മൊയ്തീന്‍
നീലേശ്വരം : കല്ലു തന്നെ നാണക്കേടു കൊണ്ടു കരഞ്ഞു പോകുന്ന ശിലാസ്ഥാപന ചടങ്ങുകള്‍ നടത്തുകയല്ല, മറിച്ച് പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു പണിയും തുടങ്ങി ശിലയിടുക എന്നതാണു സംസ്ഥാന സര്‍ക്കാര്‍ നയമെന്നു മന്ത്രി എ.സി മൊയ്തീന്‍. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം നടത്തി നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എല്ലാ ജില്ലകളിലും ജില്ലാ സ്റ്റേഡിയം എന്ന നിലയില്‍ കായിക സമുച്ചയങ്ങള്‍ വരും. സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്കു പഞ്ചായത്ത്, ജില്ല, സംസ്ഥാനം എന്നിങ്ങനെ ത്രിതല സംവിധാനം വരും. ദേശീയ ഗെയിംസില്‍ പങ്കെടുത്തു മെഡല്‍ നേടിയ 72 പേരെ ഉടന്‍ സര്‍ക്കാര്‍ സര്‍വിസില്‍ നിയമിക്കും. ശേഷിക്കുന്നവരിലെ യോഗ്യരായവര്‍ക്കു പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി നല്‍കും.
സംസ്ഥാന സ്‌പോര്‍ട്‌സ് നയവും നിയമവും നടപ്പാകുന്നതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളിലും അഫിലിയേറ്റഡ് അസോസിയേഷനുകളിലും തെരഞ്ഞെടുപ്പിലൂടെ കഴിവുള്ളവരെ ഭാരവാഹികളായി നിശ്ചയിക്കും. 10 വര്‍ഷത്തില്‍ അധികം ഭാരവാഹികത്വത്തില്‍ തുടരാന്‍ അനുവദിക്കില്ല. 70 വയസു വരെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ച ശേഷം പിന്നീടു ഉപദേശക സമിതികളില്‍ വരണമെന്നാണു സര്‍ക്കാര്‍ നിലപാട്. വികസന കാര്യങ്ങളില്‍ സങ്കുചിത വികാരങ്ങള്‍ ഒഴിവാക്കണമെന്നും കക്ഷിരാഷ്ട്രീയാതീത പിന്തുണ വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, കായിക താരങ്ങളായ കെ.പി രാഹുല്‍, പി.സി ആസിഫ്, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ, സി. ബിജു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍, നഗരസഭാ അധ്യക്ഷരായ കെ.പി ജയരാജന്‍, വി.വി രമേശന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. പ്രഭാകരന്‍, എ. വിധുബാല, കെ. ശകുന്തള, മാധവന്‍ മണിയറ, ജനപ്രതിനിധികളായ വി. ഗൗരി, പി.പി മുഹമ്മദ് റാഫി, കെ. കുഞ്ഞിരാമന്‍, പി. മനോഹരന്‍, രാഷ്ട്രീയ നേതാക്കളായ കെ. ബാലകൃഷ്ണന്‍, പി. വിജയകുമാര്‍, എം. രാധാകൃഷ്ണന്‍ നായര്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, പി.പി രാജു, റസാഖ് പുഴക്കര, ജോണ്‍ ഐമന്‍, ജോസഫ് വരകില്‍, കെ.വി കുഞ്ഞിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."