വാര്‍ഡിലെ ജലനിധി കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ പഞ്ചായത്ത് വനിതാ അംഗത്തിന് മര്‍ദനം
മാള: പൊയ്യ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ജലനിധി കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗത്തിനിടെ പൊയ്യ ഗ്രാമപഞ്ചായത്തിലെ വനിതാ അംഗത്തിന് മര്‍ദനം. മൂന്നാം വാര്‍ഡ് അംഗമായ റംല നൗഷാദിനാണ് പൊതുയോഗത്തിനിടെ മര്‍ദനമേറ്റത്. ഇവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാളയിലും തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. മൂന്നാം വാര്‍ഡിലെ ജലനിധി വാര്‍ഷിക പൊതുയോഗം നടക്കുന്നതിനിടെ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനിടെയാണ് വനിതാ അംഗത്തിനുനേരെ ആക്രമണമുണ്ടായത്.
പദ്ധതി വഴി വെള്ളം ലഭിക്കുന്നത് വരെ ഈ കമ്മിറ്റി തുടരണമെന്ന് യോഗത്തിനെത്തിയ ഭൂരിഭാഗം ആളുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കമ്മിറ്റി തുടരാനാകില്ലെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് വേദിയിലേക്കു കയറിയ ജോണി എന്നയാള്‍ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ കീറി നശിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത ഗ്രാമപഞ്ചായത്ത് അംഗത്തെ ആക്രമിക്കുകയുമായിരുന്നു.
ഇയാള്‍ക്കെതിരേ പൊലിസില്‍ പരാതി നല്കി. ഗ്രാമപഞ്ചായത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍കൂടിയായ ഇദ്ദേഹത്തെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസിനു മുന്പില് കുത്തിയിരുപ്പ് നടത്തി.
എന്നാല്‍ ഗ്രാമപഞ്ചായത്ത് അംഗമാണ് തങ്ങളെ മര്‍ദിച്ചതെന്ന് ആരോപിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേര് മാള സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടുണ്ട്.
പൊലിസെത്തി മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഇവര്‍ ആശുപത്രി വിട്ടു. പൊയ്യ ഗ്രാമപഞ്ചായത്ത് അംഗത്തെ ആക്രമിച്ച കേസില്‍ പൊലിസ് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ജനതാദള്‍ (യു) നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.സി വര്‍ഗീസ്, ഡെവിസ് കണ്ണംമ്പിള്ളി, പി.സി ബാബു, ജോര്‍ജ് കുര്യാപ്പിള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."