ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷം: ചേളാരി പ്ലാന്റില്‍ നിന്നുള്ള വിതരണം അവതാളത്തില്‍
മാനന്തവാടി: ഐ.ഒ.സിയുടെ തല തിരിഞ്ഞ നിലപാട് കാരണം ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമാകുന്നു.
പാചക വാതകം സമയത്തിന് കിട്ടാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഉപഭോക്താക്കളും വിതരണക്കാരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐ.ഒ.സി) മലപ്പുറം ചേളാരി പ്ലാന്റില്‍ നിന്നും ലോഡ് എത്താത്തതാണ് പാചകവാത ക്ഷാമം രൂക്ഷമാവാന്‍ കാരണമായത്.
കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പാചകവാതക സിലിണ്ടറുകള്‍ എത്തിച്ചിരുന്ന ട്രാന്‍സ്‌പോര്‍ട്ട് ട്രക്ക് ഉടമകളുടെ കരാര്‍ മുന്നറിയിപ്പില്ലാതെ അവസാനിപ്പിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
മലപ്പുറം ചേളാരി പ്ലാന്റില്‍ നിന്നും വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ജില്ലകളിലേക്കാണ് പാചകവാതക വിതരണം നടത്തിയിരുന്നത്. വിതരണത്തിനായി കഴിഞ്ഞ മാര്‍ച്ച് വരെ അറുപതോളം ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകളായിരുന്നു സര്‍വസിസ് നടത്തിയിരുന്നത്.
എന്നാല്‍ മാര്‍ച്ച് മുപ്പതോടെ നാല്‍പതോളം ട്രക്കുകളുടെ കരാര്‍ അവസാനിച്ചതായി കാണിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പിരിച്ചു വിടുകയായിരുന്നു.
നിലവില്‍ 40 ട്രക്കുകളുടെ കുറവാണ് പ്രതിസന്ധി വര്‍ധിപ്പിക്കാന്‍ കാരണമായത്. നിലവില്‍ കുറച്ച് ട്രക്കുകള്‍ മാത്രമാണ് ചേളാരി പ്ലാന്റില്‍ നിന്നും പാചകവാതകവുമായി സര്‍വിസ് നടത്തുന്നത്. പ്രതിമാസം 30, 35 ലോഡുകളാണ് ജില്ലക്ക് ആവശ്യമെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്നത് 20ല്‍ താഴെ ലോഡുകള്‍ മാത്രമാണ്.
കരാര്‍ പുതുക്കാതെ പുറത്തുപോയ വാഹനങ്ങളിലായിരുന്നു വയനാട്ടിലേക്ക് കൂടുതലും പാചകവാതകങ്ങള്‍ എത്തിച്ചിരുന്നത്. ജില്ലയില്‍ മാനന്തവാടി, പനമരം, കല്‍പ്പറ്റ, മീനങ്ങാടി എന്നിവിടങ്ങളിലാണ് ഏജന്‍സികള്‍ ഉള്ളത്. ഒരു ദിവസം ഏകദേശം 2000 സിലിണ്ടറുകള്‍ ഒരോ ഏജന്‍സിയിലും ആവശ്യമാണ്. വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലെ ഏജന്‍സികളെ അടുത്തിടെയായി മൈസൂര്‍ പ്ലാന്റിലേക്ക് മാറ്റി.
എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാവും മുമ്പെ ചേളാരിയില്‍ നിന്നും ഈ ജില്ലകളിലേക്ക് പാചകവാതകം എത്തിച്ചിരുന്ന ട്രക്ക് സര്‍വിസുകള്‍ പിന്‍വലിച്ചതാണ് ഒന്നരമാസമായി തുടരുന്ന പ്രതിസന്ധിക്ക് പ്രധാന കാരണം. അതെ സമയം ഇതിന് ബദല്‍ സംവിധാ നം ഒരുക്കാന്‍ ഐ.ഒ.സി തയ്യാറായിട്ടുമില്ല.
മാനന്തവാടി ഏജന്‍സിക്ക് കീഴില്‍ മാത്രം 5000ത്തോളം ഉപഭോക്താക്കളാണ് ബുക്ക് ചെയ്ത് ഗ്യാസിനായി കാത്തിരിക്കുന്നത്. റമദാന്‍ വ്രതാനുഷ്ടാനം കൂടി ആരംഭിച്ചതൊടെ പാചക വാതകം കൃത്യസമയത്ത് ലഭിക്കാത്തത് നിരവധി ഉപഭോക്താക്കള്‍ക്കാണ് തിരിച്ചടിയാകുന്നത്. വിതരണം വൈകുന്നതും ബുക്ക് ചെയ്ത മുഴുവന്‍ പേര്‍ക്കും പാചകവാതകം ലഭിക്കാത്തതും ജില്ലയില്‍ പലയിടങ്ങളിലും ഉപഭോക്താക്കളും വിതരണക്കാരും തമ്മില്‍ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."