കാഞ്ഞിരത്തിനാല്‍ ഭൂമി; ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല
കല്‍പ്പറ്റ: വില കൊടുത്തു വാങ്ങിയ 12 ഏക്കര്‍ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതിനെതിരേ കാഞ്ഞിരത്തിനാല്‍ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍ ഉരുണ്ടുകളിച്ചുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ് മുഖേനെ കാഞ്ഞിരത്തിനാല്‍ ജോസ് നല്‍കിയ റിവ്യൂ പെറ്റീഷനിലാണ് സര്‍ക്കാര്‍ ഉരുണ്ടു കളിച്ചത്.
അതേ സമയം വയനാട്ടിലെ എം.എല്‍.എ അടക്കമുള്ള സി.പി.എം നേതാക്കള്‍ പ്രചരിപ്പിച്ചതാകട്ടെ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചുവെന്നാണ്. വനംവകുപ്പിന്റെ നടപടിയെ തുടര്‍ന്ന് 40 വര്‍ഷത്തോളമായി നരകയാതന അനുഭവിക്കുന്ന കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ സര്‍ക്കാരും ഭരണകക്ഷി ജനപ്രതിനിധികളും സ്വീകരിച്ച ഇരട്ടത്താപ്പ് വിവാദമായിട്ടുണ്ട്.
ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്ന സമയത്ത് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് അറിയിച്ചിരുന്നുവെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് നീതി ലഭിക്കുമായിരുന്നു. സര്‍ക്കാര്‍ അന്തിമ നിലപാട് വ്യക്തമാക്കാത്തതിനാല്‍ ഹൈക്കോടതി കേസില്‍ തീരുമാനമെടുക്കാതെ വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്ന് നിരീക്ഷിക്കുകയായിരുന്നു.
ഇതനുസരിച്ചാണ് പി.സി തോമസ് സുപ്രീം കോടതിയെ സമീപിച്ചത്.2017 ജൂലൈ 26ന് അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രന്‍ജിത്ത് തമ്പാന്‍ വിവിധ വകുപ്പ് തലവന്‍മാര്‍ക്ക് അയച്ച കത്തിലാണ് വനംറവന്യൂ വകുപ്പുകളുടെ നിരുത്തരവാദപരമായ സമീപനം എടുത്തു പറയുന്നത്. എന്നാല്‍ രന്‍ജിത്ത് തമ്പാന്‍ സര്‍ക്കാരിന്റെ അനുകൂല നിലപാട് ഹൈക്കോടതിയെ അറിയിച്ചുവെന്നാണ് 2017 ജൂലൈയില്‍ തന്നെ ജില്ലയിലെ സി.പി.എം നേതാക്കള്‍ പ്രചരിപ്പിച്ചത്. യാഥാര്‍ഥ്യവുമായി പുലബന്ധമില്ലാത്ത പ്രചരണവും പ്രസ്താവനകളുമാണ് എം.എല്‍.എ അടക്കമുള്ളവര്‍ നടത്തിയതെന്ന് രന്‍ജിത്ത് തമ്പാന്റെ കത്ത് വ്യക്തമാക്കുന്നു.കാഞ്ഞിരത്തിനാല്‍ ഭൂമി സംബന്ധിച്ച് വനം-റവന്യൂ വകുപ്പുകള്‍ നിലപാട് അറിയിക്കണമെന്നാണ് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമെടുത്തത്. രണ്ടു വകുപ്പുകളുടെയും നിലപാടുകളും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ടും ലോ സെക്രട്ടറി പരിശോധിക്കും.ലോ സെക്രട്ടറിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കും. രണ്ടു വകുപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ മാത്രമേ ചീഫ് സെക്രട്ടറിക്ക് തീരുമാനമെടുത്ത് കോടതിയെ അറിയിക്കാന്‍ കഴിയുകയുള്ളുവെന്ന കാര്യം നിരന്തരം ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടും അവര്‍ പ്രതികരിച്ചില്ലെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."