ഗെയില്‍ വാതക പദ്ധതിക്കെതിരേ ഗ്രാമസഭാ പ്രമേയം
മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ്‌ലൈനിനെതിരേ ഗ്രാമസഭയില്‍ പ്രമേയം. കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കാപറമ്പ് 13-ാം വാര്‍ഡ് പ്രത്യേക ഗ്രാമസഭാ യോഗത്തിലാണു പദ്ധതിക്കെതിരേ പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്.
വിഷയത്തില്‍ പ്രത്യേക ഗ്രാമസഭ വിളിച്ചുചേര്‍ക്കണമെന്നാവശ്യപ്പെട്ടു ഗ്രാമപഞ്ചായത്തംഗം എം.ടി അഷ്‌റഫ് കത്ത് നല്‍കിയിരുന്നു. ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്ക് ആശങ്കയും ഭീതിയുമുള്ളതിനാല്‍ പുതിയ അലൈന്‍മെന്റ് ഉണ്ടാക്കി പ്രദേശത്തെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണു യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി.
വാര്‍ഡ് മെമ്പര്‍ എം.ടി അഷ്‌റഫ്, ജി. അബ്ദുല്‍ അക്ബര്‍, എം.പി സലാം ഹാജി, ഹസ്സന്‍ അയ്യോളി, വിജയലക്ഷ്മി, ജിജിത, മണ്ണില്‍ മുഹമ്മദ്, ടി.ടി കാസിം, ഷാഹിന, ജോസ് തോമസ് സംസാരിച്ചു. മുന്‍ പഞ്ചായത്ത് അംഗം റഷീഫ് കണിയാത്ത് അവതരിപ്പിച്ച പ്രമേയത്തെ ജസീം കണ്ണാട്ടില്‍ പിന്താങ്ങി.
ട്രാക്ക് കോളജ് ഉദ്ഘാടനം ഇന്ന്
മുക്കം: മുക്കത്ത് പുതുതായി ആരംഭിക്കുന്ന ട്രാക്ക് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ ഓഫിസ് ഉദ്ഘാടനം ഇന്നു നടക്കും. വൈകിട്ടു മൂന്നിന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ഗ്രീന്‍ഗാര്‍ഡനു സമീപം സതേണ്‍ പ്ലാസ ബില്‍ഡിങ്ങിലാണ് കോളജ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി
ഓമശ്ശേരി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. തിരുവമ്പാടി എം.എല്‍.എ ജോര്‍ജ് എം. തോമസിന്റെ ചോദ്യത്തിനു മറുപടിയായാണു മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് പ്രഖ്യാപിച്ചത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ സഹകരിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയതായി എം.എല്‍.എ അറിയിച്ചു.
റിസര്‍വ് വനം, സംരക്ഷിത പ്രദേശം, ലോക പൈതൃക പ്രദേശങ്ങള്‍ എന്നിവ മാത്രമേ ഇ.എസ്.എ ആയി പരിഗണിക്കാവൂവെന്നാണു സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 55 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഇതില്‍ 17 കേസുകള്‍ പിന്‍വലിച്ചതായും അവശേഷിക്കുന്ന കേസുകള്‍ പിന്‍വലിക്കുന്ന കാര്യം അപേക്ഷ ലഭിച്ചാല്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനു മറുപടിയായി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."