വെറുതേ സംശയിച്ചു; നിപാ പടര്‍ത്തിയത് വവ്വാലല്ല
തിരുവനന്തപുരം: നിപാ വൈറസ് ബാധയ്ക്കു കാരണം ചെങ്ങരോത്തെ കിണറ്റിലെ വവ്വാലുകളല്ലെന്നു സ്ഥിരീകരണം. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ പരിശോധിച്ച നാലു സാമ്പിളുകളും നെഗറ്റീവ് ആണ്. കോഴിക്കോട് ആദ്യം നിപാ വൈറസ് ബാധ കണ്ടെത്തിയ സാബിത്തിന്റെ വീട്ടിലെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
മറ്റു മൃഗങ്ങളില്‍നിന്നെടുത്ത സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച വീണ്ടും സാമ്പിളുകള്‍ ശേഖരിച്ചു പരിശോധന നടത്തും. ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ പരിശോധന വേണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
നിപാ വൈറസ് പടര്‍ന്നത് കിണറ്റിലെ വെള്ളത്തില്‍ നിന്നാണെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിഗമനം. ചങ്ങരോത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ വീട്ടിലെ കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തിയിരുന്നു. ഈ വവ്വാലുകള്‍ വഴി കിണറ്റിലെ വെള്ളത്തിലൂടെയാവാം വൈറസ് പടര്‍ന്നതെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നത്.
അതേ സമയം വവ്വാലിലൂടെയല്ലെങ്കില് പിന്നെ എങ്ങനെ വൈറസ് കേരളത്തിലെത്തി എന്നതിനെ സംബന്ധിച്ച് ആശങ്ക തുടരുകയാണ്. പനി ബാധിച്ചു ആദ്യം മരിച്ച സാബിത്തിന്റെ സഞ്ചാര പശ്ചാത്തലം പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി കെക ശൈലജ പറഞ്ഞു. മരിക്കുന്നതിന് ഒരു മാസം മുന്‍പാണ് സാബിത്ത് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."