താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു: സെന്‍കുമാര്‍
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ കേരളാ പൊലിസ് മുന്‍ മേധാവി ടി.പി സെന്‍കുമാര്‍ സുപ്രിംകോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തെറ്റാണെന്നും താന്‍ രാഷ്ട്രീയ എതിരാളിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും സെന്‍കുമാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
ജനങ്ങളുടെയും പൊലിസിന്റെയും വിശ്വാസ്യത കാക്കുന്നതിനാണ് തന്നെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതെന്ന സര്‍ക്കാരിന്റെ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തി.
ഡി.ജി.പി സ്ഥാനത്തു നിന്നു മാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു സെന്‍കുമാര്‍ സമര്‍പ്പിച്ച ഹരജി നിലവില്‍ ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ പരിഗണനയിലാണ്. ഈ മാസം ആറിനു ഹരജി പരിഗണിക്കവെ സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ നടപടിയെ വിമര്‍ശിച്ച കോടതി, മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ തുടങ്ങിയാല്‍ പൊലിസില്‍ ആരെങ്കിലും ബാക്കിയുണ്ടാവുമോയെന്നു സര്‍ക്കാരിനോടു ചോദിച്ചിരുന്നു.
സെന്‍കുമാറിന്റെ ആരോപണത്തിന് മറുപടി അറിയിക്കാനും കോടതിയാവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു സ്ഥലംമാറ്റത്തെ ന്യായീകരിച്ചും അതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അറിയിച്ചു കഴിഞ്ഞദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഇതിനുള്ള എതിര്‍സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ പ്രതിസ്ഥാനത്തു നിര്‍ത്തുംവിധത്തിലുള്ള സെന്‍കുമാറിന്റെ വിശദീകരണം. സെന്‍കുമാര്‍ രാഷ്ട്രീയ എതിരാളിയല്ലെന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു.
ഇതുതെറ്റാണെന്നു പറഞ്ഞ സെന്‍കുമാര്‍, താന്‍ രാഷ്ട്രീയ എതിരാളിയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ടെന്നും അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സെന്‍കുമാര്‍ വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ അധികാരമേറ്റ് ഏതാനും ദിവസത്തിനുള്ളില്‍ തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്നു മാറ്റിയത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ്.
സര്‍ക്കാരിന് താല്‍പ്പര്യമുള്ളയാളെ ഡി.ജി.പി ആക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പൊലിസിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനാണ് തന്നെ മാറ്റിയതെന്നാണു സര്‍ക്കാര്‍ വാദം. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ 13 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയുണ്ടായി.
ഈ കൊലപാതകങ്ങള്‍ സര്‍ക്കാരിന് തടയാനാവാതെ പോയത് എന്തുകൊണ്ടാണെന്നും സെന്‍കുമാര്‍ ചോദിച്ചു. താന്‍ ഡി.ജി.പിയായിരിക്കെയാണ് ജിഷയുടെ കൊലപാതകവും പുറ്റിങ്ങല്‍ വെടിക്കെട്ടപകടവും നടന്നത്. ഈ രണ്ടുസംഭവങ്ങളും അന്വേഷിക്കുന്നതില്‍ താന്‍ വീഴ്ചവരുത്തിയിട്ടില്ല.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെകുറിച്ച് താന്‍ നല്‍കിയ റിപ്പോര്‍ട്ട് ഫയലില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്.
അപകടത്തെ കുറിച്ചു അന്വേഷിച്ചു തയാറാക്കിയ ഒന്‍പത് നിര്‍ണായക കുറിപ്പുകള്‍ പിന്നീട് ഫയലില്‍ നിന്നു കാണാതാവുകയുംചെയ്തതായി അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.
32 പേജ് വരുന്ന സത്യവാങ്മൂലത്തിനൊപ്പം ഡി.ജി.പി പദവിക്ക് സെന്‍കുമാര്‍ അര്‍ഹനല്ലെന്നതുള്‍പ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പകര്‍പ്പും മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."