കത്തിക്കയറി ഇന്ധന വില; വെന്തുരുകി പൊതുജനം
വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തേണ്ടതുകൊണ്ട് ഇന്ധന വിലക്കയറ്റത്തെ അസാധാരണ സംഭവമായി കാണരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയാതെ പറഞ്ഞുവയ്ക്കുന്നത്. ഇന്ധന വിലവര്‍ധനവ് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ പെട്രോള്‍ ലിറ്ററിന് 69.51 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു. ഏറ്റവും ഇയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ ഇക്കഴിഞ്ഞ ബുധനാഴ്ച പെട്രോള്‍ വില 80ന് മുകളിലും ഡീസല്‍ 71 രൂപക്ക് മുകളിലും എത്തി. രാജ്യവ്യാപകമായ എതിര്‍പ്പ് രൂക്ഷമായിക്കൊണ്ടിരിക്കേ ഇന്ധന വില വര്‍ധനവ് കുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന ഉപരിപ്ലവമായ ഒരു പരാമര്‍ശം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, വിലക്കയറ്റം പിടിച്ചുകെട്ടുമെന്ന് പറയുമ്പോള്‍ തന്നെ അത് ഏത് രീതിയിലായിരിക്കുമെന്ന സന്ദേഹം ജനങ്ങള്‍ക്കുണ്ടാകുക സ്വാഭാവികമാണ്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇതിന്റെ സാങ്കേതിക മേഖലയിലേക്ക് കടക്കാന്‍ പൊതുജനങ്ങള്‍ക്ക് ആകില്ലെങ്കിലും ദിനംപ്രതിയുണ്ടാകുന്ന എണ്ണ വില വര്‍ധനവ് രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് ഇടയാക്കുന്നത്. ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും വില കൂട്ടിക്കൊണ്ടിരുന്നുവെന്ന യാഥാര്‍ഥ്യം വിസ്മരിക്കാന്‍ കഴിയില്ല. 2015ല്‍ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി ലിറ്ററിന് 11.48 രൂപ ആയിരുന്നത് ഇപ്പോള്‍ 19.48 രൂപയാണ്. 69 ശതമാനമാണ് വര്‍ധന. ഡീസലിന്റെ കേന്ദ്രനികുതി 4.46 രൂപ ആയിരുന്നത് 15.33 രൂപയാക്കി.
ഒരു ലിറ്റര്‍ പെട്രോളിനോ ഡീസലിനോ ഇന്ത്യയിലെ ഉപഭോക്താവ് അമിതമായി പണം നല്‍കേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അയല്‍രാജ്യങ്ങള്‍, പ്രത്യേകിച്ചും പാകിസ്താനില്‍ ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്ന തുക ഇന്ത്യയിലുള്ള വിലയുടെ 35 ശതമാനം കുറവാണ്.
മെയ് 21ന് ഒരു ലിറ്റര്‍ പെട്രോളിന് പാകിസ്താനില്‍ ഒരു ഉപഭോക്താവ് നല്‍കുന്നത് 87.7 പാകിസ്താന്‍ റുപ്പിയാണ്. ഇത് ഇന്ത്യന്‍ വിപണന മൂല്യത്തിലേക്ക് മാറ്റുമ്പോള്‍ 51.61 രൂപയാണ്. മെയ് 21ലെ വില താരതമ്യം ചെയ്യുമ്പോള്‍ ആഗോള പെട്രോള്‍ വില നിര്‍ണയ സമിതി ചൂണ്ടിക്കാട്ടുന്നത് ഇന്ത്യയില്‍ 80.22 രൂപയാണ് പെട്രോള്‍ വിലയെന്നാണ്. അതായത് പാകിസ്താനുമായി തട്ടിച്ചുനോക്കുമ്പോള്‍ 35.66 ശതമാനം വര്‍ധനവ്.
ശ്രീലങ്കയിലും ഇന്ധന വില ഇന്ത്യയോളം വരില്ല. അടുത്തകാലത്തായി ആ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചെങ്കിലും ഇന്ത്യയിലെ വിലനിലവാരത്തില്‍ 20 ശതമാനത്തിന്റെ കുറവാണ് അവിടെയുള്ളത്. ഒരു ലിറ്റര്‍ പെട്രോളിന് ശ്രീലങ്കയില്‍ ഒരു ഉപഭോക്താവ് നല്‍കേണ്ടി വരുന്നത് 148 ശ്രീലങ്കന്‍ റുപ്പിയാണ്. അതായത് ഇന്ത്യന്‍ പണവുമായി തട്ടിച്ചുനോക്കുമ്പോള്‍ 63.90 രൂപ മാത്രം. അവിടെ ഡീസലിനാകട്ടെ 47.06 രൂപയുമാണ്. ഇന്ത്യയോട് തൊട്ടുകിടക്കുന്ന മറ്റൊരു രാജ്യമായ നേപ്പാളില്‍ പെട്രോള്‍ ലിറ്ററിന് 68.76 രൂപയും ഡീസലിന് 57.51 രൂപയുമാണ്. അയല്‍ രാജ്യങ്ങളിലൊന്നായ ചൈനയില്‍ മാത്രമാണ് ഇന്ത്യയേക്കാള്‍ ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്നത്. ചൈനയില്‍ പെട്രോള്‍ ലിറ്ററിന് (ഇന്ത്യന്‍ മൂല്യം കണക്കാക്കുമ്പോള്‍)80.78ഉം ഡീസല്‍ 72.14ഉം എന്ന നിലയിലാണ് വില്‍ക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ളത് ചൈനയിലാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 80 ഡോളറിന് മുകളില്‍ എത്തിയിരിക്കുന്നുവെന്നതാണ് വിലക്കയറ്റത്തിന് കാരണമായി ഭരണകൂടങ്ങള്‍ ആവര്‍ത്തിക്കുന്നത്. 2014 മുതല്‍ 2016 ജനുവരി വരെ ഒന്‍പതു തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നത്. ഇതിനിടയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനെന്ന പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചെങ്കിലും ഇത് നാമമാത്രമായിരുന്നു. സംസ്ഥാനങ്ങളും നികുതി കുറക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍പോലും ചെവികൊണ്ടില്ല.
ഈ സാമ്പത്തിക വര്‍ഷം ഇന്ധന വില്‍പനയില്‍ നിന്ന് നികുതിയായി 2.579 ലക്ഷം കോടി രൂപ ലഭിക്കുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രത്തിന് ലഭിച്ച അധിക വരുമാനം 88,600 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാകട്ടെ 2.016 ലക്ഷം കോടിയായി വരുമാനം ഉയര്‍ന്നു. ഈ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ധനകാര്യ മന്ത്രാലയം പറയുന്നത്.
ജി.എസ്.ടി ഏര്‍പ്പെടുത്തുന്നതോടെ എല്ലാ സാധനങ്ങളുടെയും നികുതി ഏകീകരിക്കപ്പെടുമെന്നും ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമുണ്ടാക്കുമെന്നുമാണ് കേന്ദ്രം പറഞ്ഞിരുന്നതെങ്കിലും ഇന്ധനത്തെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ഇതുവരെ തയാറായിട്ടില്ലെന്നതാണ് വസ്തുത. പണനയ രൂപീകരണത്തില്‍ 0.25 ശതമാനം പലിശ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് തയാറായത് ഇന്ധന വിലയിലുണ്ടാകുന്ന തുടര്‍ച്ചയായ ഉയര്‍ച്ച കാരണമാണെന്ന് ഓസ്‌ട്രേലിയന്‍ ഓഹരി രംഗത്തെ പ്രമുഖരായ മക്വയറി പറയുന്നു.
ഇന്ത്യക്കാവശ്യമുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അന്താരാഷ്ട്ര രംഗത്തുണ്ടായിക്കൊണ്ടിരുന്ന ക്രൂഡോയില്‍ വിലയിലെ ചാഞ്ചാട്ടം ഇന്ത്യയുടെ ബാലന്‍സ് ഓഫ് പെയ്‌മെന്റ്‌സ്, സമ്പദ്ഘടനയ്ക്കുതന്നേയും കടുത്ത പ്രഹരമേല്‍പ്പിക്കുന്നുണ്ട്. ഇതിനെ തരണം ചെയ്യാനായി ഓരോ ബജറ്റിലും പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന ക്രമീകരിച്ചു നിര്‍ത്താന്‍ 'ഓയില്‍ പൂള്‍ അക്കൗണ്ടില്‍' ആവശ്യത്തിനുള്ള തുക വകകൊള്ളിക്കുന്ന രീതി അവലംഭിച്ചു. ഇത്തരത്തിലൊരു രീതി തുടങ്ങിയ കാലത്തെല്ലാം ആഭ്യന്തരരംഗത്ത് പെട്രോളിയം ഉല്പന്നങ്ങളുടെ വില സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു.
എന്നാല്‍, ഇങ്ങനെ നല്‍കേണ്ടിവരുന്ന 'സബ്‌സിഡി' സാധാരണക്കാര്‍ക്കുണ്ടായതിനേക്കാള്‍ കൂടുതല്‍ ഗുണം ലഭിച്ചത് സമ്പന്നര്‍ക്കായിരുന്നു. ഇതേ തുടര്‍ന്ന് 2002ല്‍ വാജ്‌പെയ് സര്‍ക്കാര്‍ 'ഓയില്‍ പൂള്‍ അക്കൗണ്ട്' നിര്‍ത്തലാക്കി. ഇതിനിടയില്‍ ഘട്ടം ഘട്ടമായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില നിയന്ത്രണം വിപണിക്കുവിടണമെന്ന ശുപാര്‍ശയും വന്നു. ഇതിന്റെയൊക്കെ പ്രതിഫലനമെന്നോണം 2010ല്‍ പെട്രോള്‍ വില നിശ്ചയം വിപണിക്കു വിട്ടു. 2014 ഒക്ടോബറില്‍ ഡീസല്‍ വിലയും വിപണിയുടെ തീരുമാനത്തിന് വിട്ടുകൊടുത്തു. ഇത് പെട്രോളിയം വ്യവസായ മേഖലക്ക് ഉണര്‍വുണ്ടാക്കിയപ്പോള്‍ പ്രത്യാഘാതം നേരിടേണ്ടി വന്നത് സാധാരണക്കാര്‍ക്കായിരുന്നു. ദിനംപ്രതിയുള്ള വില നിര്‍ണയ രീതി ഉപഭോക്താക്കള്‍ക്ക് ഗുണമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് ലഭിക്കില്ലെന്ന സത്യം ഇപ്പോള്‍ ഏവര്‍ക്കും ബോധ്യപ്പെട്ടു. 2014 ജൂണ്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 115 ഡോളര്‍ ആയിരുന്നത് ഒക്ടോബര്‍ മുതല്‍ താഴാന്‍ തുടങ്ങി. വില താഴ്ന്നിട്ടും അതിന്റെ പ്രയോജനം ആര്‍ക്കാണ് ലഭിക്കുന്നതെന്ന ചോദ്യം ഉത്തരമില്ലാതെ ശേഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."