അമേരിക്കയ്ക്കു വേണ്ടത് സമാധാനമല്ല, അശാന്തിയാണ്
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച ഉച്ചകോടിയില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായി പിന്മാറിയത് ലോകസമാധാനം കാംക്ഷിക്കുന്നവരില്‍ സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നിലനില്‍ക്കുന്ന വൈരം അറിയാവുന്നവരെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാസം കിം അമേരിക്കയെ ചര്‍ച്ചയ്ക്കു ക്ഷണിച്ചപ്പോള്‍ ഉടന്‍ അത് സ്വീകരിച്ച ട്രംപ് ഇപ്പോള്‍ ഉത്തര കൊറിയന്‍ ഭരണകൂടം നടത്തിയ രണ്ടു പ്രസ്താവനകളുടെ പേരു പറഞ്ഞാണ് ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നത്. അമേരിക്ക തന്നെ സൃഷ്ടിച്ച പ്രകോപനത്തിനു പ്രതികരണമായിരുന്നു ആ പ്രസ്താവനകള്‍. അങ്ങനെ ലോകത്തിനു തന്നെ ഭീഷണിയായി മാറിയ ഈ രാജ്യങ്ങള്‍ തമ്മിലുള്ള പോരില്‍ ഒരു മഞ്ഞുരുക്കം പ്രതീക്ഷിച്ചവരെയെല്ലാം നിരാശരാക്കുന്നതാണ് ട്രംപിന്റെ നടപടി.
തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്ത അമേരിക്ക ലോകസമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് കിമ്മിന്റെ ക്ഷണം സ്വീകരിച്ചതെന്ന് നേരത്തേ തന്നെ സൂചനയുണ്ടായിരുന്നു. തങ്ങള്‍ സമാധാനത്തിനൊപ്പമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിനപ്പുറം സമാധാനത്തില്‍ ഒട്ടും താല്‍പര്യമില്ലാത്ത അമേരിക്ക ഒരു ചര്‍ച്ചാനാടകം മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്ന് സംശയിക്കുന്നവരാണ് ലോകജനതയില്‍ അധികവും. ചര്‍ച്ച നടന്നിരുന്നെങ്കില്‍ തന്നെ അതു വിജയിക്കുമെന്ന ഉറപ്പ് ഒട്ടും ഉണ്ടായിരുന്നതുമില്ല. അത്തരമൊരു ഘട്ടത്തില്‍ മോങ്ങാനിരുന്ന നായയുടെ തലയില്‍ തേങ്ങയിട്ടുകൊടുക്കുന്ന അവിവേകം ഇരു പക്ഷത്തു നിന്നും ഉണ്ടായി. ഇതോടെ കാര്യങ്ങള്‍ അമേരിക്ക ഉദ്ദേശിച്ചിടത്ത് എത്തുകയും ചെയ്തു.
സമാധാന ചര്‍ച്ച തീരുമാനിച്ച ഘട്ടത്തില്‍ ഒട്ടും ഉചിതമല്ലാത്ത തരത്തിലുള്ളതായിരുന്നു ഇരുപക്ഷത്തു നിന്നുമുള്ള പ്രസ്താവനകള്‍. ലിബിയന്‍ മാതൃകയില്‍ ഉത്തര കൊറിയയെ ആണവവിമുക്തമാക്കുമെന്ന യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രസ്താവനയോടെയാണ് പ്രകോപനങ്ങള്‍ക്കു തുടക്കമായത്. ആണവ നിരായുധീകരണം സംബന്ധിച്ച അമേരിക്കന്‍ നിലപാടില്‍ സംശയമുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തില്‍ ഉച്ചകോടിയില്‍ നിന്ന് പിന്മാറേണ്ടി വരുമെന്നുമായിരുന്നു ഇതിന് ഉത്തര കൊറിയ നല്‍കിയ മറുപടി. തൊട്ടുപിറകെ, വേണ്ടിവന്നാല്‍ അമേരിക്കയ്ക്കു മുന്നില്‍ ആണവശക്തി തെളിയിക്കാന്‍ മടിയില്ലെന്ന പ്രസ്താവനയും വന്നു. ഇതിനു മറുപടിയായി ബൃഹത്തായതും അതിശക്തവുമായ ആണവായുധങ്ങള്‍ കൈവശമുണ്ടെന്നും അത് ഒരിക്കലും ഉപയോഗിക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന പ്രാര്‍ഥനയിലാണെന്നും മറുപടി നല്‍കിക്കൊണ്ടാണ് ട്രംപ് ഉച്ചകോടിയില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
സമാധാന ചര്‍ച്ചയിലേക്കു പോകുന്ന ഘട്ടത്തില്‍ ഭരണകൂടങ്ങളില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത വിധം വിവേകരഹിതവും നയതന്ത്രജ്ഞത തൊട്ടുതീണ്ടാത്തതുമാണ് ഇരു പക്ഷത്തു നിന്നുമുണ്ടായ പ്രസ്താവനകള്‍. എന്നാല്‍, ഉച്ചകോടി നീക്കം തകര്‍ന്നതിനുത്തരവാദി അമേരിക്ക തന്നെയാണ്. ഒത്തുതീര്‍പ്പ് ആഗ്രഹിച്ചുകൊണ്ടു തന്നെയാണ് ഉത്തര കൊറിയ ഉച്ചകോടിക്കു സന്നദ്ധത പ്രകടിപ്പിച്ചത് എന്നു വേണം കരുതാന്‍. ആണവായുധ ശേഖരം കുറയ്ക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പായി അവര്‍ സ്വന്തം ആണവ പരീക്ഷണശാല പൊളിച്ചതില്‍ നിന്ന് അതു വ്യക്തമാണ്. അതിനു മുമ്പ് ദീര്‍ഘകാലം കടുത്ത ശത്രുതയിലായിരുന്ന ദക്ഷിണ കൊറിയയുമായി സൗഹൃദമുണ്ടാക്കാനുള്ള ചര്‍ച്ചയ്ക്ക് അവര്‍ തുടക്കം കുറിക്കുകയും ചെയ്തിരുന്നു. അത്തരം നീക്കങ്ങള്‍ക്കെല്ലാം തുരങ്കം വയ്ക്കുകയാണ് അമേരിക്ക ചെയ്തിരിക്കുന്നത്.
അമേരിക്കയുടെ ചരിത്രമറിയാവുന്നവര്‍ക്ക് ഇതില്‍ ഒട്ടും അത്ഭുതമില്ല. രണ്ടാം ലോക യുദ്ധത്തിനു ശേഷം കടുത്ത സാമ്രാജ്യത്വ മോഹവുമായി ലോകമാകെ കുരുതിക്കളമാക്കിക്കൊണ്ടിരിക്കുകയാണവര്‍. നിക്‌സന്റെ കാലത്ത് വിയറ്റ്‌നാമില്‍ വീണുടഞ്ഞ അമേരിക്കന്‍ സാമ്രാജ്യത്വ ദുര്‍മോഹം ഉയിര്‍ത്തെഴുന്നേറ്റത് പൂര്‍വാധികം ശൗര്യത്തോടെയാണ്. അതിനുശേഷം ലോകത്തു നടന്ന ചെറുതും വലുതുമായ എല്ലാ യുദ്ധങ്ങളിലും ഒരു പ്രതി ഈ തെമ്മാടി രാഷ്ട്രമാണെന്നത് പകല്‍പോലെ വ്യക്തമാണ്. നിരവധി രാജ്യങ്ങളെ തമ്മിലടിപ്പിച്ചും ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെട്ട് ജനതയെ തമ്മിലടിപ്പിച്ചുമൊക്കെ അമേരിക്കന്‍ സാമ്രാജ്യത്വം അവരുടെ വരുതിയിലാക്കിയിട്ടുണ്ട്. ആ കുതന്ത്രം അവര്‍ തുടരുകയുമാണ്.
ഏതു ഭരണാധികാരി വന്നാലും അമേരിക്കയുടെ സാമ്രാജ്യത്വനയം മാറാറില്ലെന്നതാണ് സത്യം. അതു വിജയകരമായി മുന്നേറണമെങ്കില്‍ ചെറുകിട രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുകയും സ്വന്തം അതിക്രമങ്ങളെ ന്യായീകരിക്കുന്നതിനായി ചൂണ്ടിക്കാണിക്കാന്‍ ചില ശത്രുക്കള്‍ ഉണ്ടായിരിക്കുകയും വേണം. രണ്ടു കൊറിയകള്‍ തമ്മില്‍ സൗഹൃദത്തിലേക്കു നീങ്ങുന്നത് അമേരിക്കയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.
മാത്രമല്ല സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷം ലോകത്ത് അവര്‍ക്കു ചൂണ്ടിക്കാണിക്കാനുള്ള രണ്ടു ശത്രുക്കളിലൊന്ന് ഇസ്‌ലാമിക ഭീകരതയും മറ്റൊന്ന് കമ്യൂണിസ്റ്റ് ഭരണകൂടവുമാണ്. അതൊക്കെ അങ്ങനെ തന്നെ നിലനില്‍ക്കുകയെന്നത് ട്രംപ് ഭരണകൂടത്തിന്റെ താല്‍പര്യമാണ്. ഏതു കാലത്തും സാമ്രാജ്യത്വം ആഗ്രഹിക്കുന്നത് സമാധാനമല്ല, അശാന്തി തന്നെയാണ്.
നിങ്ങള്‍ക്ക് പറക്കാന്‍ കഴിയില്ലെങ്കില്‍ ഓടുക, ഓടാന്‍ കഴിയില്ലെങ്കില്‍ നടക്കുക, നടക്കാന്‍ കഴിയില്ലെങ്കില്‍ മുട്ടിലിഴയുക. എന്തുതന്നെയായാലും മുന്നോട്ടുതന്നെ നീങ്ങുക.
-മാര്‍ട്ടിന്‍ ലൂഥര്‍ കിങ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."