377-ാം വകുപ്പ് പുനപ്പരിശോധന; ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സ്വവര്‍ഗരതിയടക്കമുള്ള പ്രകൃതിവിരുദ്ധ ലൈംഗികത കുറ്റകൃത്യമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പുതിയ ഹരജി സുപ്രിം കോടതി തള്ളി.
വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്ന തിരുത്തല്‍ ഹരജികളില്‍ പെടുത്തി ഹരിഗണിക്കാന്‍ ഹരജിക്കാരന് ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. തിരുത്തല്‍ ഹരജികള്‍ പരിഗണിക്കുന്ന പ്രസ്തുത ബെഞ്ചിന് മുന്നിലുള്ള പ്രധാന വിഷയം 377ാം വകുപ്പിന്റെ നിയമ സാധുത തീരുമാനിക്കലാണ്. അതിനാല്‍ ഇപ്പോഴത്തെ ഹരജിയും പ്രസ്തുത ബെഞ്ച് മുമ്പാകെ സമര്‍പ്പിക്കാമെന്നും ഇത് നിലവിലുള്ള പരാതികളില്‍ ഉള്‍പ്പെടുത്തി പരിഗണിക്കണോ എന്ന് ബെഞ്ച് തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.
സ്വവര്‍ഗരതിക്കാരായ ഡാന്‍സര്‍, എഴുത്തുകാരന്‍, ബിസിനസ് എക്‌സിക്യൂട്ടീവ്, ഹോട്ടല്‍ നടത്തിപ്പുകാരന്‍, പാചകക്കാരന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിന്മേലാണ് കോടതി തീരുമാനം. 377ാം വകുപ്പ് തങ്ങളുടെ അവകാശത്തെയാണു ലംഘിക്കുന്നതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. വീടിനകത്തെ സ്വകാര്യതയില്‍ പ്രായപൂര്‍ത്തിയാവര്‍ നടത്തുന്ന ഏതുതരം ലൈംഗികപ്രകടനങ്ങള്‍ക്കും മൗലികാവകാശപ്രകാരമുള്ള നിയമസംരക്ഷണം ലഭിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പ്രകൃതിവിരുദ്ധമായ ലൈംഗികത ശിക്ഷാര്‍ഹമാക്കുന്ന 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നു ഡല്‍ഹി ഹൈക്കോടതി 2009ല്‍ വിധിച്ചിരുന്നു.
എന്നാല്‍ ഭിന്നലിംഗക്കാര്‍ക്ക് അനുകൂലമായ ഈ ഉത്തരവ് 2013ല്‍ സുപ്രിംകോടതി റദ്ദ് ചെയ്തു. പ്രസ്തുതവകുപ്പ് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ഉത്തരവാദപ്പെട്ടത് പാര്‍ലമെന്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിം കോടതിയുടെ ഇടപെടല്‍. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് നിലവിലെ കോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട തിരുത്തല്‍ ഹരജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഈ വര്‍ഷം പ്രസ്തുത ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."