ഞങ്ങള്‍ക്കും പാലമായി
പയ്യാവൂര്‍: ഒരു പാലത്തിനു വേണ്ടി നിവേദനങ്ങളുമായി വര്‍ഷങ്ങളോളം അധികൃതരെ കാത്ത് മടുത്ത ചന്ദനഗിരിയിലെ ജനകീയ കൂട്ടായ്മ അവസാനം സ്വന്തം നിലയില്‍ പാലം യാഥാര്‍ഥ്യമാക്കി. മാസങ്ങള്‍ക്ക് മുന്‍പ് പാലത്തിനായി ജനകീയ സമിതി രൂപീകരിച്ചിരുന്നു. പാലംപണി ചുവപ്പുനാടയില്‍ കുടുങ്ങിയതോടെയാണ് സമിതി രംഗത്തിറങ്ങിയത്. ചന്ദനക്കാംപാറ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് ജെയിസണ്‍ മറ്റത്തിനാനി, ബിനോയി കാരിക്കൊമ്പില്‍, പയ്യാവൂര്‍ പഞ്ചായത്തിലെ ആടാംപാറ, ചന്ദനക്കാംപാറ, വഞ്ചിയം വാര്‍ഡുകളിലെ പഞ്ചായത്തംഗങ്ങളായ സജന്‍ വെട്ടുകാട്ടില്‍, ഡെയ്‌സി മഞ്ഞാനയില്‍, വിജയമ്മ കാക്കശേരി നേതൃത്വം നല്‍കി. പാലം പണിക്കായി ആദ്യസംഭാവനയായി പഞ്ചായത്തംഗങ്ങള്‍ അവരുടെ വേതനം നല്‍കി.
ജനുവരിയിലാരംഭിച്ച പാലം പണി ഇന്നലെ പ്രദേശവാസിയായ എന്‍ജിനിയര്‍ മച്ചികാട്ട് പ്രമോജിന്റെ മേല്‍നോട്ടത്തില്‍ കോണ്‍ക്രീറ്റ് ചെയ്തു. ശ്രമദാനമായി നാട്ടുകാരായ ഇരുന്നൂറോളം പേര്‍ കൂടിയതോടെ കോണ്‍ക്രീറ്റിങ് ഉത്‌സവമായി. എട്ട് ലക്ഷത്തോളം രൂപ ചിലവായ പാലത്തിന് 40 മീറ്റര്‍ നീളവും നാലര മീറ്റര്‍ ഉയരവുമുണ്ട്. പാലത്തിന് കൈവരി തീര്‍ത്ത്, അപ്രോച്ച് റോഡും നിര്‍മിച്ച് ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ പറഞ്ഞു. പാലം തുറക്കുന്നതോടുകൂടി ചന്ദനഗിരി നിവാസികള്‍ക്ക് തൊട്ടടുത്ത മാവുംചാല്‍ ബസ് സ്‌റ്റോപ്പിലേക്കു എളുപ്പവഴിയാകും. ഇതോടെ വഞ്ചിയം, ആടാംപാറ പ്രദേശങ്ങളിലേക്ക് രണ്ടര കിലോമീറ്റര്‍ ദൂരം ലാഭിക്കാനാകും. ചന്ദനഗിരി വിശുദ്ധ യൂദാസ്ലീഹായുടെ തീര്‍ഥാടന കേന്ദ്രത്തിലേക്ക് എളുപ്പവഴിയാണ് ഈ പാലം വന്നതോടെ സാധ്യമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."