സോഫ്റ്റ്‌വെയറില്‍ കൃത്രിമം: ഫോക്‌സ്‌വാഗണ്‍ ലക്ഷം കോടിയിലേറെ രൂപ നഷ്ടപരിഹാരം നല്‍കണം
വാഷിങ്ടണ്‍: മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ പാലിക്കുന്നതിനായി സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 1500 കോടിയോളം ഡോളര്‍ (ലക്ഷം കോടിയിലേറെ രൂപ) നഷ്ടപരിഹാരത്തിനായി ചെലവാക്കേണ്ടി വരും. സര്‍ക്കാരിനും വാഹന ഉടമകള്‍ക്കുമായിട്ടാണ് ഈ തുക നല്‍കേണ്ടി വരിക.
അമേരിക്കയുടെ നീതിന്യായ ചരിത്രത്തില്‍ ഒരു വാഹന നിര്‍മാതാക്കള്‍ നല്‍കേണ്ടി വരുന്ന ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണിത്.
സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിച്ച 4,75,000 ഡീസല്‍ കാറുകള്‍ തിരിച്ചുവാങ്ങുകയോ റിപ്പയര്‍ ചെയ്തു നല്‍കുകയോ വേണം. ഇതിനായി 1000 കോടി യു. എസ് ഡോളര്‍ കമ്പനി ചെലവഴിക്കേണ്ടി വരും. കൂടാതെ വാഹനം റിപ്പയര്‍ ചെയ്തു നല്‍കുന്ന ഓരോ ഉപഭോക്താവിനും 5,100 മുതല്‍ 10,000 ഡോളര്‍ വരെ കമ്പനി നല്‍കേണ്ടി വരും. മലിനീകരണം മൂലം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയതിന് 2.7 ബില്യണ്‍ പിഴ അമേരിക്കന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിക്ക് നല്‍കണം. കൂടാതെ രണ്ട് ബില്യണ്‍ അമേരിക്കയില്‍ അന്തരീക്ഷ മലീനീകരണം ഉണ്ടാക്കാത്ത വാഹനങ്ങള്‍ക്കായി നടത്തുന്ന ഗവേഷണ പദ്ധതികള്‍ക്കായും കമ്പനി മുടക്കണം.
അതേസമയം കോടതിയില്‍ നിന്നു ഭീമമായ പിഴ ചുമത്തിയതിനെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിനെക്കുറിച്ചുള്ള വഴികള്‍ ആലോചിച്ചു വരികയാണ് ഫോക്‌സ്‌വാഗണെന്നു റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ മൊത്തം ആസ്തിയുടെ അഞ്ചിലൊന്നു വരും ഈ തുക എന്നതുതന്നെ കാരണം. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യത്തെ പരിരക്ഷിക്കുന്നതിനായുള്ള നിയമങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അമേരിക്കന്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അഡ്മിനിസ്‌ട്രേറ്റര്‍ ഗിന മക്കാര്‍ത്തി വിധിയെക്കുറിച്ച് പ്രതികരിച്ചത്. ഈ രീതിയില്‍ നിയമങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്ന കമ്പനികളെക്കുറിച്ച് ഇനിയും അന്വേഷണം നടത്തുമെന്നും പിടിക്കപ്പെട്ടാല്‍ അത്തരക്കാര്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും അവര്‍ വ്യക്തമാക്കി.
അമേരിക്കയിലെ ഫെഡറല്‍ എന്‍വയോണ്‍മെന്റല്‍ ആന്റ് സേഫ്റ്റി റഗുലേറ്റര്‍ ഈയടുത്ത് വന്‍കിട കമ്പനികള്‍ക്കുമേല്‍ ചുമത്തുന്ന കനത്ത പിഴ തുകയാണിത്.
ഓയില്‍ റിഗ് പൊട്ടിത്തെറിച്ച സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പെട്രോളിയത്തിന് 2010ല്‍ 20.8 ബില്യണ്‍ പിഴ ചുമത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."