സഹകരണ മേഖലയുടെ പ്രസക്തി വിളിച്ചോതി നവകേരളം സെമിനാര്‍
കൊല്ലം: സംസ്ഥാനത്ത് സഹകരണ മേഖലയുടെ പ്രസക്തിയും കാലഘട്ടം ഉയര്‍ത്തുന്ന വെല്ലുവിളികളെ ക്രിയാത്മകമായി നേരിടേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതി സഹകരണ സെമിനാര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശ്രാമം മൈതാനത്ത് നടന്ന നവകേരളം2018 പ്രദര്‍ശന മേളയുടെ സമാപനം കുറിച്ച് സഹരണമേഖല പുതിയ കാലം, പുതിയ പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ മേഖല രാജ്യത്തിനുതന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ സഹകാരികളുടെ പങ്ക് നിര്‍ണായകമാണ്. ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും വിദ്യാഭ്യാസം, ആതുര സേവനം തുടങ്ങിയ മേഖലകളിലുമൊക്കെ സഹകാരികളുടെ ശക്തമായ സാന്നിധ്യമുണ്ട്. മുന്‍പൊരിക്കലും നേരിടാത്ത പ്രതിസന്ധി അഭിമുഖീകരിച്ചപ്പോള്‍ സഹകരണ രംഗത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചു. ഈ മേഖലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ വിജയം കാണില്ല മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ താഴേ തട്ടില്‍ എത്തിക്കാന്‍ സഹകരണ ശൃംഖലയ്ക്ക് കഴിയണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.
സംഘടിത ശക്തി എന്ന നിലയില്‍ കാലം ആവശ്യപെടുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിവുള്ള പ്രബുദ്ധരായ സഹകാരികളുടെ നിര വളര്‍ത്തിയെടുക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം വേണമെന്ന് വിഷയം അവതരിപ്പിച്ച പി.എസ്.സി മുന്‍ ചെയര്‍മാന്‍ എം. ഗംഗാധരകുറുപ്പ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."