ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിച്ചത് എലികളില്‍നിന്ന്
കോഴിക്കോട്: നിപാ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമെന്ന് കരുതുന്ന ഇന്നലെ എത്തിച്ച ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എം.102.4 എന്ന മരുന്ന് നിര്‍മിക്കുന്നത് എലികളില്‍നിന്ന്.
ഈ മരുന്ന് ലോകത്ത് ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചത് 2015 ഏപ്രിലിലാണ്. ആസ്‌ത്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ എന്‍ജിനീയറിങ് ആന്‍ഡ് നാനോടെക്‌നോളജി (എ.ഐ.ബി.എന്‍) ഡയറക്ടര്‍ പ്രൊഫ. പീറ്റര്‍ ഗ്രേ ആണ് ക്ലിനിക്കല്‍ ട്രയലിന് തുടക്കമിട്ടത്. ക്യൂന്‍സ്‌ലാന്റ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ഈ ആന്റിബോഡി എലിയുടെ മോണോക്ലോണല്‍ ആന്റിബോഡി ചേര്‍ത്താണ് നിര്‍മിക്കുന്നത്. എലികളുടെ ശരീരത്തില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മോണോക്ലോണല്‍ ആന്റിബോഡികള്‍ രോഗാണുവുമായി (ആന്റിജന്‍) കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് ചെയ്യുക. ഈ മരുന്ന് പ്രയോഗിച്ചില്ലെങ്കില്‍ മനുഷ്യന്റെ ആന്റിബോഡിയുമായി ചേര്‍ന്ന് രോഗാണുവിന്റെ ആന്റിജന്‍ പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി നശിപ്പിക്കുകയും രോഗി മരണത്തിലെത്തുകയും ചെയ്യും. എമര്‍ജന്‍സി വൈറല്‍ രോഗങ്ങള്‍ക്കാണ് ഈ മരുന്നു ഉപയോഗിക്കുന്നതെന്ന് പ്രൊഫ. ഗ്രേ പറയുന്നു. വൈറസിനും മറ്റു രോഗാണുക്കള്‍ക്കും എതിരേ പ്രവര്‍ത്തിക്കുന്ന മനുഷ്യശരീരത്തിലെ മിമിക് ആന്റിബോഡികളെ ഇവ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതോടെ രോഗി അപകടനില തരണം ചെയ്യുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതു വാക്‌സിനല്ലെന്നും ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നതെന്നും നിര്‍മാതാക്കള്‍ പറയുന്നു. നിപാ വൈറസ് പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ ഈ മരുന്ന് ഉപയോഗിക്കണം. 1994ല്‍ ന്യൂ സൗത്ത് വെയില്‍, ക്യൂന്‍സ്‌ലന്റ് എന്നിവിടങ്ങളിലായി 90 കുതിരകള്‍ ചത്തൊടുങ്ങിയതോടെയാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തത്.
ആസ്‌ത്രേലിയയില്‍ മനുഷ്യരില്‍ 7 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആസ്‌ത്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയുടെ സഹായത്തോടെയാണ് ഈ മരുന്ന് വികസിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."