ആസ്‌ത്രേലിയയില്‍നിന്ന് മരുന്നെത്തിച്ചു; നിപാ വൈറസ് ബാധ നിയന്ത്രണത്തിലേക്ക്
കോഴിക്കോട്: ആശങ്കയുടെ എട്ട് ദിനരാത്രങ്ങള്‍ക്കുശേഷം നിപാ വൈറസ് ബാധ നിയന്ത്രണത്തിലേക്ക്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പരിശോധനക്കയച്ച 40 സാംപിളുകളില്‍ ഒന്ന് മാത്രമാണ് പോസിറ്റീവായത്. ഇത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള നഴ്‌സിങ് വിദ്യാര്‍ഥിനിയുടേതാണ്. രോഗം പടരുന്നില്ലെന്നാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലെ അനുഭവം വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളെയും സംയോജിപ്പിച്ച് അതീവ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പേരാമ്പ്ര സൂപ്പിക്കടയില്‍ മരിച്ച സാബിത്തിന്റേതടക്കം നിപാ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. സാബിത്തുമായി ബന്ധപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങളും സാബിത്തിന്റെ സഞ്ചാരവിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിക്കും. ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ള മുഴുവന്‍ ആളുകളെയും കൃത്യമായി നിരീക്ഷിക്കും. അതേസമയം, രോഗത്തിന് ഫലപ്രദമാണെന്ന് കണ്ടെത്തിയ ആസ്‌ത്രേലിയയില്‍നിന്നുള്ള ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന്റെ 50 ഡോസ് ചികിത്സക്കായി സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ), ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍), നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി), ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായി മരുന്നിനായുള്ള ഗവേഷണം ഉടന്‍ ആരംഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കീഴിലാണ് ഗവേഷണം നടക്കുക. രോഗം ബാധിച്ചെന്ന് സംശയിക്കുന്നവരുടെ എണ്ണം ഇന്ന് 22 ആയി കുറഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."