കര്‍ഷക ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ഥ്യമാകുന്നു; ബില്‍ അടുത്ത നിയമസഭയില്‍
കൊച്ചി: ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് ആശ്വാസമായി കര്‍ഷക ക്ഷേമനിധി ബോര്‍ഡ് യാഥാര്‍ഥ്യമാകുന്നു. ബോര്‍ഡ് രൂപീകരണം സംബന്ധിച്ച കരട് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. രണ്ടു വര്‍ഷമായി ഇഴയുകയായിരുന്ന ക്ഷേമനിധി ബോര്‍ഡ് രൂപീകരണ ബില്‍ ധന-നിയമ വകുപ്പുകള്‍ അംഗീകരിച്ചു.
നിയമസഭകൂടി പരിഗണിച്ചശേഷം ഈ സഭാ സമയത്തുതന്നെ ഗവര്‍ണര്‍ക്ക് അയച്ച് നിയമമാക്കി ബോര്‍ഡ് രൂപീകരണത്തിലേക്ക് കടക്കാനാണ് ശ്രമിക്കുന്നതെന്ന് കൃഷിവകുപ്പ് അധികൃതര്‍ അറിയിച്ചു. ജൂണ്‍ നാല് മുതല്‍ 21 വരെയാണ് അടുത്ത നിയസഭാ സമ്മേളനം.
അറുപത് വയസ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, പിന്നാക്കം നില്‍ക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് വിവാഹ ധനസഹായം, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, കുടുംബ പെന്‍ഷനും മരണാനന്തര ആനുകൂല്യങ്ങളും, അവശതാ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, തുടങ്ങിയ ആനുകൂല്യങ്ങളാണ് ക്ഷേമനിധി ബോര്‍ഡിലൂടെ ലഭ്യമാക്കുക. എല്ലാ ആനുകൂല്യങ്ങളും ഇ-പേയ്‌മെന്റ് വഴി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും സൂചനയുണ്ട്. ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി കൃഷിവകുപ്പിലെ അഡീഷനല്‍ ഡയറക്ടറുടെ കേഡറില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന് അധിക ചുമതല നല്‍കും.
ബോര്‍ഡിന്റെ ചെയര്‍മാന്‍ കൃഷിവകുപ്പ് സെക്രട്ടറിയാണ്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കര്‍ഷക പ്രതിനിധികള്‍, ധനവകുപ്പ് സെക്രട്ടറിയുടെ ഒരു പ്രതിനിധി, കൃഷിവകുപ്പ് ഡയറക്ടര്‍, എന്നിവരായിരിക്കും ബോര്‍ഡ് അംഗങ്ങള്‍. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ബജറ്റ് വിഹിതം, അംഗത്വ ഫീസ്, മറ്റ് സംഭാവനകള്‍, തുടങ്ങിയവയായിരിക്കും ബോര്‍ഡിന്റെ പ്രധാന വരുമാന സ്രോതസ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ നിയമസഭാ സമിതിയുടെ പ്രധാന ശുപാര്‍ശ ആയിരുന്നു ദുരിതം അനുഭവിക്കുന്ന കര്‍ഷകര്‍ക്കായി ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കുക എന്നത്.
എന്നാല്‍ ബോര്‍ഡ് രൂപീകരണത്തിനുള്ള നീക്കം ശക്തമായത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്.
അവരുടെ പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."