അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നല്‍കി കാസര്‍കോട് നഗരസഭാ ബജറ്റ്
കാസര്‍കോട്: അടിസ്ഥാനവികസനത്തിനും കുടിവെള്ളവിതരണത്തിനും ഊന്നല്‍ നല്‍കി കാസര്‍കോട് നഗരസഭയുടെ ബജറ്റ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് അവതരിപ്പിച്ചു.
നിരവധ ക്ഷേമ പദ്ധതികള്‍ക്കു പ്രാമുഖ്യം നല്‍കിയവതരിപ്പിച്ച ബജറ്റില്‍ മുന്‍നീക്കിയിരിപ്പടക്കം 54,15,40,676 രൂപ വരവും 49,98,95,000 ചെലവുമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ 4,16,45,676 രൂപ മിച്ചമാവുമെന്നും ബജറ്റ് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷയായി.
അതേസമയം, നഗരസഭയില്‍ നടന്ന അഴിമതികളില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചു പ്രതിപക്ഷാംഗങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ അവതരണത്തിനു ശേഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷനേതാവ് പി രമേശ് ബജറ്റ് പ്രസംഗം കഴിഞ്ഞുടനെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
വിദ്യാഭ്യാസം
നഗരസഭയിലെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തും. ഇതിനായി സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്കു നഗരസഭാ വിഹിതമായി 55 ലക്ഷം രൂപ നല്‍കും. പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും. കൂടാതെ മികച്ച നിലവാരം പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. വിദ്യാലയങ്ങള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍ മറ്റ് അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യാനും തുക നീക്കി വച്ചിട്ടുണ്ട്.
സുന്ദരമാവും നഗരം
സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ നഗരത്തിന്റെ പ്രധാന മേഖലകളില്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിന്റെ ഭാഗമായി മരാമത്ത് റോഡുകള്‍ ഇന്റര്‍ലോക്ക് പാകുന്നതിനും ഡിവൈഡറുകള്‍ നവീകരിക്കുന്നതിനും ചെടികള്‍ വച്ചു പിടിപ്പിക്കുന്നതിനുമുള്ള പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗത തടസം ഒഴിവാക്കുന്നതിനും പ്രധാന റോഡുകളിലെ ജങ്ഷനുകള്‍ വീതി കൂട്ടി വികസിപ്പിക്കുന്നതിനും മുന്‍ ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും പുതിയവ നടപ്പില്‍ വരുത്തുന്നതിനും നടപടി സ്വീകരിക്കും.
ഐ.സി ഭണ്ഡാരി റോഡ്, തായലങ്ങാടി റെയില്‍വേ സ്റ്റേഷന്‍ റോഡ് എന്നിവയുടെ വികസനത്തിനായി 50 ലക്ഷം രൂപ നീക്കിവച്ചു. നഗരസഭയിലെ 38 വാര്‍ഡുകളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിവിഹിതത്തില്‍ നിന്നും ഓരോ വാര്‍ഡിലേക്കും എട്ടു ലക്ഷം രൂപ അനുവദിക്കും. ഇതിനായി 3.04 കോടി രൂപ നീക്കിവെച്ചു.
കാര്‍ഷിക മേഖല
കാര്‍ഷികമേഖലയുടെ ഉന്നമനത്തിനും സമഗ്ര വികസനത്തിനുമായി വിവിധ പദ്ധതികളിലേക്കായി 40 ലക്ഷം രൂപ നീക്കിവച്ചു.
ജൈവ കൃഷിയെ പ്രോല്‍സാഹിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
സാംസ്‌കാരിക കൂട്ടായ്മ
കാസര്‍കോടിന്റെ തനതുകലകളെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കും.
യുവതീയുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശില്‍പശാലകളും ചിത്രപ്രദര്‍ശനങ്ങളും കവിത, കഥ ചിത്രരചന മത്സരങ്ങളും കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുന്നതിനും നടപടി സ്വീകരിക്കും.
സംസ്ഥാനപുസ്തക പ്രസാധകരുടെയും കാസര്‍കോട് സാഹിത്യവേദിയുടെയും പങ്കാളിത്തത്തോടെ പുസ്തക മേള സംഘടിപ്പിക്കും.
അടിസ്ഥാന
സൗകര്യവികസനം
അടിസ്ഥാന സൗകര്യവികസനത്തിനു മുന്തിയ പരിഗണന നല്‍കുന്ന ബജറ്റില്‍ നഗരത്തിലെ പ്രധാന റോഡുകള്‍ നവീകരിക്കുന്നതിനും പുനരുദ്ധാരണം നടത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട്, കാസര്‍കോട് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്, മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെ ധനസഹായം എന്നിവയില്‍ നിന്നുമായി ഈ സാമ്പത്തിക വര്‍ഷം ആറുകോടി രൂപ ലഭ്യമാക്കും.
കുടിവെള്ളത്തിന് 78 കോടി
വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ നഗരസഭയിലെ കുടിവെള്ള പദ്ധതികള്‍ക്കും ശുദ്ധജല പ്രശ്‌നം പരിഹരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി 'കിഫ്ബി' പദ്ധതിയിലുള്‍പ്പെടുത്തി കാസര്‍കോട് എം.എല്‍.എയുടെ സഹകരണത്തോടെ 78 കോടി രൂപയുടെ കാസര്‍കോട് ശുദ്ധജല പദ്ധതി നടപ്പാക്കും. പുതിയ പ്രാദേശിക ജലസ്രോതസുകള്‍ കണ്ടെത്തി കുടിവെള്ളം സംഭരിച്ച് വിതരണം ചെയ്യുന്നതിനും നിലവിലുള്ള കുടിവെള്ള ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാനായി 50 ലക്ഷം രൂപയും നീക്കിവച്ചു.
സാമൂഹ്യക്ഷേമം
നഗരസഭാ പ്രദേശത്ത് ക്ഷേമപെന്‍ഷന്‍ പദ്ധതി ഊര്‍ജിതപ്പെടുത്തുന്നതിനും വയോമിത്രം പാലിയേറ്റിവ് കെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള ബഡ്‌സ് റിഹാബിലിഷന്‍ സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തും
അങ്കണവാടികള്‍ക്കുള്ള പോഷകാഹാര സംവിധാനം ഊര്‍ജിതപ്പെടുത്തുന്നതിനായി 40 ലക്ഷം രൂപ രൂപയും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പര്‍ എന്നിവര്‍ക്കുള്ള അധിക ഹൊണറേറിയം നല്‍കുന്നതിനു 25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സ്ഥലം ലഭ്യമാകുന്ന മുറയ്ക്കു സ്വന്തമായി കെട്ടിടസൗകര്യമില്ലാത്ത അങ്കണവാടികള്‍ക്കു കെട്ടിടം നിര്‍മിക്കുമെന്നും ബജറ്റില്‍ പറഞ്ഞിട്ടുണ്ട്.
പട്ടികജാതി വികസനം
നഗരസഭയിലെ പട്ടികജാതി കോളനികളില്‍ റോഡ്, നടപ്പാത, ഓവുചാലുകള്‍, പ്രാദേശിക ജലസ്രോതസുകള്‍ ഉപയോഗിച്ചും മറ്റും കുടിവെള്ള സൗകര്യം എന്നിവയും നടപ്പാക്കും. പട്ടികജാതി കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് വിവാഹ ധനസഹായം നല്‍കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പഠനാവശ്യത്തിനു ലാപ്‌ടോപ്, ഫര്‍ണിച്ചര്‍ എന്നിവ നല്‍കും.
കായികം
നഗരത്തിലെ കായിക സംഘടനകളെ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനും നടപടി സ്വീകരിക്കും.
പാര്‍ക്കിങ് സംവിധാനം
നഗരത്തിലെ വര്‍ധിച്ചുവരുന്ന വാഹന ഗതാഗതം ക്രമീകരിക്കുന്നതിനും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
ആരോഗ്യ മേഖലയിലും
വികസനം
സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി ജനറല്‍ ആശുപത്രി, ആയുര്‍വേദാശുപത്രി, ഹോമിയോ ആശുപത്രി, നഗരസഭാ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കും.
ജനറല്‍ ആശുപത്രിയിലെ കാഷ്വാലിറ്റി വിപുലീകരിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
മരുന്നുതളി ജീവനക്കാര്‍ക്കും നേട്ടം
നഗരസഭയില്‍ നടപ്പിലാക്കിയ ജനകീയ മരുന്നു തളി സംവിധാനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് നല്‍കിവരുന്ന 2000 രൂപ 3000 രൂപയായി വര്‍ധിപ്പിക്കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്.
നഗരത്തിലെ പ്രധാന ഒാവുചാലുകള്‍ സംയോജിപ്പിച്ചു സമഗ്ര ഓവുചാല്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തും. കൂടാതെ നായക്‌സ് റോഡ് അടക്കം നഗരത്തിലെ പ്രധാന ഓവുചാലുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കും.
മത്സ്യമേഖല
മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും മത്സ്യമേഖലയിലെ സമഗ്രവികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു പഠനാവശ്യത്തിനു ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്കു വള്ളവും വലയും നല്‍കാനും അര്‍ഹരായ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വീട് റിപ്പയറിനുള്ള ധനസഹായവും നല്‍കും.
മത്സ്യവില്‍പനത്തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റും നടപടികള്‍ സ്വീകരിക്കും.
കുടുംബശ്രീ
എന്‍.യു.എല്‍.എം പദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ സഹകരണത്തോടെ സിറ്റി ലൈവ്‌ലി ഹുഡ്‌സെന്റര്‍ സ്ഥാപിക്കും. ഇവ മുഖാന്തിരം തൊഴില്‍പരിശീലനകേന്ദ്രം ഹെല്‍പ് ഡെസ്‌ക് സെന്റര്‍ എന്നിവ നടപ്പില്‍ വരുത്തും. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനു സ്ഥിരം വിപണനകേന്ദ്രം സ്ഥാപിക്കും.
സി.സി.ടി.വി
പുതിയ ബസ് സ്റ്റാന്‍ഡ് , പഴയ ബസ് സ്റ്റാന്‍ഡ്, മത്സ്യമാര്‍ക്കറ്റ്, ജനറല്‍ ആശുപത്രി പരിസരം, റെയില്‍വേസ്റ്റേഷന്‍ പരിസരം തുടങ്ങിയ സ്ഥലങ്ങളില്‍ ശുചിത്വവും സമാധാനവും ലക്ഷ്യമാക്കി സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്.
തെരുവ് കച്ചവടക്കാരുടെ
പുനരധിവാസം
നഗരത്തിലെ തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനു നടപടി സ്വീകരിക്കും തെരുവുകച്ചവടക്കാര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
വ്യവസായ സംരംഭമായി യുവതീയുവാക്കള്‍ക്ക് പ്രത്യേക പരിശീലനത്തിന്റെ ഭാഗമായി ശില്‍പശാലകളും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."